24 February Monday

നിത്യഹരിതനായകന് സ്മാരകം കാത്തിരുന്നത്‌ 31 വർഷം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
ചിറയിൻകീഴ്
മലയാളികളുടെ നിത്യഹരിത നായകൻ പ്രേംനസീറിന്‌ സ്‌മാരകം നിർമിക്കണമെന്ന ചിറയിൻകീഴുകാരുടെ കാത്തിരിപ്പിന്‌ വിരാമം. അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്‌മാരകം നിർമിക്കാൻ എൽഡിഎഫ്‌ സർക്കാർ ഒരു കോടി രൂപ അനുവദിച്ചതിന്റെ സന്തോഷത്തിലാണ്‌ നാട്ടുകാർ.സംസ്ഥാന ബജറ്റിലാണ്‌ തുക വകയിരുത്തിയത്‌. ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ അഭ്യർഥന പ്രകാരമാണ്‌ തുക അനുവദിച്ചത്‌.  വർഷംതോറും ചിറയിൻകീഴ് പ്രേംനസീർ അനുസ്മരണ കമ്മിറ്റി നടത്തിവരുന്ന പ്രേംനസീർ സ്മൃതി സായാഹ്നത്തിന്‌ ഇരുപത് ലക്ഷം രൂപയും അനുവദിച്ചു. 1989 ജനുവരി 16ന്‌ ആണ് അബ്ദുൾ ഖാദർ എന്ന പ്രേംനസീർ അന്തരിച്ചത്‌. 1926 ഏപ്രിൽ ഏഴിന് ചിറയിൻകീഴിലായിരുന്നു ജനനം. 
 
മലയാളത്തിലുൾപ്പെടെ എഴുന്നൂറോളം സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്‌. 56 തമിഴ് ചിത്രത്തിലും 21 തെലുങ്ക് ചിത്രത്തിലും 32 കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ച ഗിന്നസ് റെക്കോഡിന്‌ ഉടമയുമാണ്‌ നസീർ. 
 
പത്മഭൂഷൻ, പത്മശ്രീ എന്നീ ബഹുമതികളും നേടിയിട്ടുണ്ട്‌.നാട്ടുകാരുടെയും നസീർ ആരാധകരുടേയും കാൽനൂറ്റാണ്ടിലേറെയായ ആഗ്രഹം സാക്ഷാൽക്കരിക്കാൻ ഇടപെട്ട സംസ്ഥാന സർക്കാരിനെ  പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷും ജനറൽ കൺവീനർ എസ് വി അനിലാലും അഭിനന്ദിച്ചു.
 
പ്രധാന വാർത്തകൾ
 Top