കിളിമാനൂർ
നിനച്ചിരിക്കാതെ പുളിമാത്ത് പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം കിട്ടിയതോടെ ആഭ്യന്തര കലഹം രൂക്ഷമായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറി പഞ്ചായത്ത് വാർഡിൽ മത്സരിച്ച് പഞ്ചായത്തംഗമായ കാരേറ്റ് ശിവപ്രസാദിനെ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്തംഗം വിപിന്റെ നേതൃത്വത്തിലാണ് കലാപക്കൊടി ഉയർത്തിയത്. പഞ്ചായത്ത് പ്രസിഡന്റാകാൻ മെമ്പർമാരായ രുഗ്മിണി, ശാന്തകുമാരി, സുസ്മിത എന്നിവർ ചരടുവലിച്ചിരുന്നു. ഇത് കലാപത്തിന്റെ വക്കിലെത്തിയതോടെ ഡിസിസി ഇടപെട്ട് ആദ്യ രണ്ടരവർഷം ശാന്തകുമാരിയെയും തുടർന്ന് സുസ്മിതയെയും പ്രസിഡന്റാക്കാമെന്ന ഫോർമുലയിൽ പ്രശ്നം കെട്ടടങ്ങിയിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഹമ്മദ് കബീർ, വിപിൻ എന്നിവർ സ്വയം പ്രഖ്യാപിതരായി രംഗത്തെത്തി. അഹമ്മദ് കബീർ വിഭാഗത്തിന്റെ ഇടപെടലിൽ അഞ്ചുവർഷവും അഹമ്മദ് കബീറിന് പ്രസിഡന്റായിരിക്കാൻ ഡിസിസി അനുവാദം നല്കുകയും പ്രശ്ന പരിഹാരത്തന് വിപിനെ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആക്കുമെന്ന് ഉറപ്പും നല്കിയിരുന്നു.
ഈ ഉറപ്പ് കാറ്റിൽ പറത്തി വിപിനെ ഒതുക്കി.വിപിന്റെ അനുയായികൾ പൊരുന്തമണിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് ഓഫീസിന് തീവച്ചു. ഓഫീസിലുണ്ടായിരുന്ന ടിവിയടക്കം കത്തിനശിച്ചു. പുളിമാത്ത് പഞ്ചായത്തിൽ അഹമ്മദ് കബീറിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിടാനുള്ള ഒരുക്കത്തിലാണ് പൊരുന്തമൺ, കാട്ടുംപുറം പ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..