29 February Saturday

എസ്എടി ആശുപത്രിയിൽ മിഠായി ക്ലിനിക്‌ റെഡി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

എസ്എടി ആശുപത്രിയിലെ പുതിയ മിഠായി ക്ലിനിക്

തിരുവനന്തപുരം

എസ്എടി ആശുപത്രിയിൽ കുട്ടികൾക്കുള്ള അത്യാഹിത വിഭാഗത്തിനോടൊപ്പം ഡയബറ്റിസ് ക്ലിനിക്ക്‌ (മിഠായി ക്ലിനിക്‌ ) ചൊവ്വാഴ്‌ച തുറക്കും. വർണ ചിത്രങ്ങളാൽ അലംകൃതമായ ക്ലിനിക്ക് ‘ഡേ കെയർ’ മാതൃകയിലാണ്‌  സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചുവർഷമായി എസ്എടിയിലെ ശിശുരോഗ വിഭാഗത്തിന് കീഴിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായി  ഡയബറ്റിക് ക്ലിനിക് പ്രവർത്തിച്ചു വരുന്നു. ആദ്യമൊക്കെ ക്ലിനിക്ക് വഴി ചികിത്സാ നിർദേശങ്ങൾ നൽകൽ മാത്രമായിരുന്നു. പിന്നീട് സർക്കാരിന്റെ വിവിധ പദ്ധതികളായ ആരോഗ്യ കിരണം, ആർബിഎസ്‌കെ എന്നിവ വഴി ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകൾ എന്നിവ കൊടുക്കാൻ ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ സാമൂഹ്യ സുരക്ഷാ മിഷൻ ടൈപ്പ് –വൺ കുട്ടികൾക്കായി ആരംഭിച്ച മിഠായി പദ്ധതി ക്ലിനിക്കിന് ഇന്ന് പുതിയ ഊർജം നൽകി. ഇപ്പോൾ മുന്നൂറിലധികം ഡയബറ്റിസ് ബാധിതരായ കുഞ്ഞുങ്ങൾ ക്ലിനിക്കിന്റെ കരുതലിലാണ്‌ ജീവിക്കുന്നത്‌. പുതിയ ക്ലിനിക്കൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്ക് ഇൻസുലിൻ, കുത്തിവയ്ക്കാനുള്ള പേന, ഗ്ലൂക്കോമീറ്റർ, സ്ട്രിപ്പുകൾ തുടങ്ങി ഇൻസുലിൻ പമ്പ് വരെ നൽകാൻ കഴിയും. 160 കുട്ടികൾ വരെ മിഠായി ക്ലിനിക്കിൽ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഈ കുഞ്ഞുങ്ങളുടെ രോഗചികിത്സയ്ക്ക് പുറമെ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരലും കൂട്ടായ്മകളും സംഘടിപ്പിക്കാറുണ്ട്.  മിഠായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതു മുതൽ  ക്ലിനിക്കിന്റെ വിപുലീകരണം വരെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരമാണ്‌ നടന്നത്‌.

പ്രധാന വാർത്തകൾ
 Top