ബാലരാമപുരത്ത് എംഡിഎംഎയുമായി 3 പേരും കഞ്ചാവുമായി ഒരാളും പിടിയില്‍
നേമം
ബാലരാമപുരത്ത് രണ്ട് മയക്കുമരുന്ന് കേസുകളിലായി നാലുപേരെ പൊലീസ് പിടികൂടി. ബാലരാമപുരം പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്നുപേരെ എരുത്താവൂരില്‍നിന്നും കഞ്ചാവ് പൊതിയുമായി ഒരാളെ ബാലരാമപുരം ജങ്ഷനില്‍നിന്നും പിടികൂടുകയായിരുന്നു. പയറ്റുവിള പുത്തളം അമ്പലംതട്ടുവീട്ടിൽ ഷാഹുല്‍രാജ് (25), എരുത്താവൂർ പടിഞ്ഞാറ് മലഞ്ചരിവ് അനീഷ് ഭവനിൽ അച്ചു വിന്‍സി (26), ഊരൂട്ടമ്പലം കൃഷ്ണപുരം വൈഷ്ണവം വീട്ടില്‍ അരവിന്ദ് (24) എന്നിവരെ എംഡിഎംഎയുമായും ആലപ്പുഴ സ്വദേശി ഡാനി (29) യെ കഞ്ചാവുമായുമാണ് പിടികൂടിയത്.
രാത്രി വൈകി റോഡരികിലെ തട്ടുകടകള്‍ക്ക് സമീപം ലഹരിസംഘങ്ങള്‍ എത്താറുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പന്ത്രണ്ടോടെ ബാലരാമപുരം ജങ്ഷനില്‍നിന്നും കഞ്ചാവുമായി ഡാനി പിടിയിലായത്. ദേശീയപാതകളും ഇടറോഡുകളും കേന്ദ്രീകരിച്ച് ഡാന്‍സാഫ് സ്‌ക്വാഡും പൊലീസും നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎയുമായി ഇരുചക്രവാഹനത്തില്‍ പൊലീസിനെ വെട്ടിച്ചുകടന്ന സംഘത്തെ എരുത്താവൂര്‍ ടര്‍ഫില്‍നിന്നുമാണ് പിടികൂടിയത്. പൊലീസിനെ വെട്ടിച്ചെത്തിയ പ്രതികള്‍ ടര്‍ഫിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആദ്യം ലഹരിയില്ലെന്ന് പ്രതികൾ പറഞ്ഞെങ്കിലും ടര്‍ഫിലെ വീഡിയോ പരിശോധിച്ച് പൊലീസ് എംഡിഎംഎ ഒളിപ്പിച്ച സ്ഥലം കണ്ടെത്തുകയായിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി എസ് ഷാജിയുടെ നേതൃത്വത്തില്‍ സിഐ പി എസ് ധര്‍മ്മജിത്ത്, എസ്ഐ ജ്യോതി സുധാകര്‍, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ പ്രേംകുമാർ, സി ആർ പത്മകുമാർ, ആർ എസ് അരുൺകുമാർ, കെ ആർ അനീഷ്, എസ് അരുൺകുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
0 comments