19 September Saturday

ബാലരാമപുരത്ത്‌ തറികൾ ഉണർന്നു; ഓണമാണ് പ്രതീക്ഷ

അശ്വതി ജയശ്രീUpdated: Thursday Aug 13, 2020

കൈത്തറി മുണ്ടുകൾ ഒതുക്കിവയ്‌ക്കുന്ന കോട്ടുകാൽക്കോണത്തെ കൈത്തറിത്തൊഴിലാളികൾ

തിരുവനന്തപുരം

ബാലരാമപുരത്ത്‌‌ വീണ്ടും തറിയുടെ ശബ്ദം ഉയർന്നു, പക്ഷെ ഓണക്കാലത്തെ പഴയ തിരക്കും ആരവവും മാത്രമില്ല. ഈ  തെരുവുകളിലേക്ക്  കൈത്തറിയും വിവാഹ സാരിയും തേടിവരുന്നവരില്ല. മുണ്ടുകൾ സംഭരണശാലകളിൽ ഒതുങ്ങി‌. എങ്കിലും തറികളിൽ തൊഴിലാളികൾ സജീവമാണ്‌. ഈ കോവിഡ്‌ കാലം അതിജീവിച്ചേ തീരൂ. "ചരിത്രത്തിലാദ്യമായാണ്‌ വിൽക്കാനാകാത്ത ഉൽപ്പന്നങ്ങൾ ഞങ്ങൾക്ക്‌ സൂക്ഷിക്കേണ്ടിവന്നത്‌. നിർമിച്ച്‌ ഒരാഴ്ചയ്ക്കകം എല്ലാം വിറ്റുപോവുന്നതാണ് പതിവ്‌. പ്രളയകാലങ്ങളിൽപോലും ഒന്നും ബാക്കിയായിരുന്നില്ല. ഓണക്കാലത്ത്‌ ഇത്തരമൊരു പ്രതിസന്ധി ആദ്യമാണ്‌. പുറത്തെ കടകളിലെങ്കിലും എത്തിക്കാമായിരുന്നു. എന്നാൽ, കുറച്ചുമാസങ്ങളായി കടകൾ തുറക്കാത്തത്‌ ആ സാധ്യതയുമടച്ചു. കോവിഡായതോടെ തമിഴ്‌നാട്ടിൽനിന്നും സൂറത്തിൽനിന്നും അസംസ്കൃതവസ്തുക്കൾ എത്തിയില്ല. ഓണം പ്രമാണിച്ച്‌ ഹാന്റെക്സ്‌ ഉൽപ്പന്നങ്ങൾ വാങ്ങുമെന്നറിയിച്ചിട്ടുണ്ട്‌. അതിലാണ്‌ പ്രതീക്ഷ'–- മംഗലയ്ക്കൽ കൈത്തറി സഹകരണ സംഘം സെക്രട്ടറി മനോഹരൻ പറയുന്നു. 70 ലക്ഷത്തിന്റെ കൈത്തറി ഉൽപ്പന്നങ്ങളാണ് ബാലരാമപുരം കോട്ടുകാൽകോണത്തെ മംഗലയ്ക്കൽ കൈത്തറി സഹകരണസംഘത്തിൽ കെട്ടിക്കിടക്കുന്നത്‌. ഇങ്ങനെ നിരവധി സഹകരണസംഘങ്ങളുണ്ടിവിടെ. മംഗലയ്ക്കൽ സംഘത്തിൽ 180ഓളം തൊഴിലാളികളാണുള്ളത്‌. 80ശതമാനവും സ്‌ത്രീകളാണ്‌. പ്രവർത്തിപ്പിച്ചില്ലെങ്കിൽ തറിയിലെ അച്ചും വിഴുതും രണ്ടുമാസത്തിനുള്ളിൽ ഉപയോഗശൂന്യമാകും. മഴയും തറികൾക്ക്‌ പ്രതികൂലമാണ്‌. ഇതോടെയാണ്‌ പലയിടത്തും മാനദണ്ഡങ്ങൾ പാലിച്ച്‌ 30ശതമാനം തൊഴിലാളികളെത്തിയത്‌. 

എൽഡിഎഫ് സർക്കാരും കൈത്തറി മേഖലയും

തൊഴിൽ നൽകാന്‍ കയർ മേഖലയ്‌ക്ക്‌ പിന്നിൽ രണ്ടാംസ്ഥാനം കൈത്തറി മേഖലയ്ക്കാണ്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ്‌ കൂടുതൽ സംഘങ്ങളെങ്കിലും കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, കാസർകോട്‌ ജില്ലകളിലും വ്യവസായം നടക്കുന്നുണ്ട്‌. 518ലേറെ പ്രാഥമിക സഹകരണ സംഘങ്ങൾ ഹാന്റെക്സിൽ അംഗങ്ങളായിട്ടുണ്ട്. ഇവിടങ്ങളിൽ 17500 ലധികം തറികളുമുണ്ട്‌. മേഖലയുടെ നിലനിൽപ്പിനുവേണ്ടി 2016ൽ എൽഡിഎഫ്‌ സർക്കാർ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയും ആവിഷ്കരിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top