13 July Monday
സ്നേഹം 13 ലോഡ്‌

ട്രിവാൻഡ്രം ‘ടൺകണക്കിന്‌’

സ്വന്തം ലേഖികUpdated: Tuesday Aug 13, 2019

പ്രസ്‌ക്ലബ്ബിൽ പ്രവർത്തിക്കുന്ന കലക്‌ഷൻ സെന്ററിലേക്ക്‌ ഒരു ലക്ഷം രൂപയുടെ അവശ്യവസ്‌തുക്കൾ കൈമാറുന്ന ടികെഎ നായർ

 
തിരുവനന്തപുരം
പ്രളയത്തിലും ഉരുൾപൊട്ടലിലും സർവതും നഷ്ടപ്പെട്ട്‌ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാശ്വാസമേകാൻ ‘ടൺകണക്കിന്‌ സ്നേഹം’ അയച്ച്‌ തലസ്ഥാന നഗരം. നഗരസഭ  11 ലോഡും ജില്ലാ ഭരണനേതൃത്വം രണ്ട്‌ ലോഡ്‌ സാധന സാമഗ്രികളുമാണ്‌ തിങ്കളാഴ്ച രാത്രിവരെ കയറ്റിയയച്ചത്‌. മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കോട്ടയം ജില്ലകളിലേക്കാണ്‌ പ്രധാനമായും സഹായമെത്തിച്ചത്‌. നഗരസഭ  ഇതുവരെ 17 ലോഡ് സാധനങ്ങൾ  കയറ്റിയയച്ചു. 
 
മാനന്തവാടിയിലേക്കുള്ള വാഹനം മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി എന്നിവർ നഗരസഭ ശേഖരണ കേന്ദ്രങ്ങൾ സന്ദർശിച്ചു.
ജില്ലാ ഭരണനേതൃത്വം എസ്എംവി സ്കൂളിൽ ആരംഭിച്ച കലക്ഷൻ സെന്ററിൽ രണ്ടാം ദിനവും സഹായവുമായി നൂറുകണക്കിനു പേരെത്തി. വൈകിട്ടോടെ 13 ടൺ വസ്തുക്കൾ രണ്ടു ലോറികളിലായി ദുരിതമേഖലയിലേക്ക് അയച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.

ദുരിതമൊപ്പാൻ 
വ്യവസായ വകുപ്പും
തിരുവനന്തപുരം
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജില്ലകൾക്ക്‌ കൈത്താങ്ങായി സംസ്ഥാന വ്യവസായ വകുപ്പും. വകുപ്പിനു കീഴിലെ സ്ഥാപനങ്ങളായ കേരളാ സ്‌റ്റേറ്റ് ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്(കെഎസ്ഡിപി), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്(ടിസിസി), സിഡ്കോ എന്നിവയാണ്‌ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകൾക്ക് സഹായം എത്തിച്ചത്. 
കെഎസ്ഡിപി അരലക്ഷം രൂപയുടെ വീതം മരുന്നുകൾ അഞ്ചു ജില്ലയ്‌ക്കും നൽകി. പൊതുവിപണിയിൽ ഇതിന് 15 ലക്ഷം രൂപയോളം വില വരും. കളമശ്ശേരിയിലെ ടിസിസി  12500 ലിറ്റർ സോഡാ ബ്ലീച്ച്  നൽകി. 
തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുമായി സഹകരിച്ചാണ് സിഡ്കോ സാധനങ്ങൾ ശേഖരിച്ച് അയച്ചത്.
 
ഒരുലക്ഷത്തിന്റെ സഹായമെത്തിച്ച്‌ 
ടി കെ എ നായർ
തിരുവനന്തപുരം
പ്രകൃതിദുരന്തത്തിൽ അകപ്പെട്ടവർക്ക്‌ ഒരുലക്ഷം രൂപയുടെ സഹായവുമായി പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്‌ ടി കെ എ നായർ. അവശ്യ ഭക്ഷ്യവസ്തുക്കളടങ്ങിയ 100 കിറ്റുകളാണ്‌ അദ്ദേഹം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെ കലക്ഷൻ പോയിന്റിൽ എത്തിച്ചത്‌. സപ്ലൈകോയിൽനിന്ന്‌ വാങ്ങിയ അരി, ചെറുപയർ, പരിപ്പ്‌, എണ്ണ, ചായപ്പൊടി, മുളകുപൊടി തുടങ്ങിയവയാണ്‌  കിറ്റുകളിലുള്ളത്‌. തിങ്കളാഴ്ച വൈകിട്ട്‌ പ്രസ്‌ ക്ലബ്ബിൽ നേരിട്ടെത്തി സഹായസാമഗ്രികൾ കൈമാറുകയായിരുന്നു.
തൊഴിലാളികളും രംഗത്തിറങ്ങുക: സിഐടിയു
തിരുവനന്തപുരം
പ്രളയത്തിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കാൻ മുഴുവൻ സിഐടിയു യൂണിയനുകളും എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്‌ സിഐടിയു ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.   
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സിഐടിയു, പ്രഖ്യാപിച്ച എല്ലാ പരിപാടിയും മാറ്റി. ക്യാമ്പുകളിൽ കഴിയുന്നവർക്ക്‌ പുതിയ വസ്‌ത്രം, നാപ്‌കിൻ, ബേബി ഫുഡ്‌, ബിസ്‌കറ്റ്‌, മെഡിസിൻ എന്നിവ ശേഖരിച്ച്‌ നഗരസഭാ കലക്‌ഷൻ സെന്ററായ വിമെൻസ്‌ കോളേജിൽ എത്തിക്കണമെന്ന്‌  എല്ലാ യൂണിയനുകളോടും തൊഴിലാളികളോടും ജില്ലാ സെക്രട്ടറി വി ശിവൻകുട്ടിയും പ്രസിഡന്റ്‌ സി ജയൻബാബുവും അഭ്യർഥിച്ചു.

തദ്ദേശസ്ഥാപനങ്ങളിൽ സംഭരണകേന്ദ്രങ്ങൾ
തിരുവനന്തപുരം
പ്രളയബാധിതർക്ക്‌ സഹായമെത്തിക്കാൻ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഭരണ കേന്ദ്രങ്ങൾ. ജില്ലാ പഞ്ചായത്തിൽ തിങ്കളാഴ്‌ച മുതൽ കേന്ദ്രം പ്രവർത്തനം തുടങ്ങി. പഞ്ചായത്ത്‌, ബ്ലോക്ക്‌, മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിലാണ്‌ കേന്ദ്രങ്ങളുടെ പ്രവർത്തനം. ശേഖരിക്കുന്ന സാധനങ്ങൾ പ്രളയബാധിത ജില്ലകളുടെ ഭരണകേന്ദ്രത്തിലെത്തിക്കും. ആദ്യ വാഹനം ചൊവ്വാഴ്‌ച പുറപ്പെടും. കേന്ദ്രങ്ങളുടെ ജില്ലാതല ഏകീകരണത്തിന് തദ്ദേശസ്ഥാപനപ്രതിനിധികൾ ഉൾപ്പെടുന്ന സമിതിക്ക് രൂപംനൽകി. രണ്ടാംഘട്ടത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്കും മറ്റുമായി വളന്റിയർമാരുടെ സംഘം ദുരിതബാധിത ജില്ലകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 
 
ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച്‌ ആലോചിക്കുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ യോഗം ചേർന്നു. സഹായം ലഭ്യമാക്കുന്നതിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന്  മന്ത്രി അഭ്യർഥിച്ചു. വി കെ മധു, ആസൂത്രണ സമിതി അംഗം കെ എൻ ഹരിലാൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോ ഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top