17 June Monday

ഇനി നഷ്ടപ്പെടാന്‍ ജീവന്‍ മാത്രം

കെ എ നിധിൻനാഥ‌്Updated: Thursday Jun 13, 2019

ശക്തമായ മഴയിൽ തകർന്ന നെടുമങ്ങാട‌് പനവൂർ പഞ്ചായത്തിൽ മൊട്ടക്കാവ് തോപ്പിൽ അന്നാഭവനിൽ സുജിതയുടെ വീട‌്

തിരുവനന്തപുരം
ഉറക്കത്തിനിടയിൽ വലിയ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റ വിജയ് ഒരുക്കലും കരുതിയിയില്ല  ആകെയുള്ള സമ്പാദ്യം ഇല്ലാതെയാക്കുന്ന ശബ്ദമാണതെന്ന്. വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് തകർന്ന് കാലിൽ വീണു. പിന്നീട് കണ്ടത് വീടിന്റെ ചുമരുകൾ തകർത്ത് തിര അടിച്ച് കയറുന്നതാണ‌്. വീട് മുഴുവൻ കടൽ വിഴുങ്ങുന്ന ഭീകരത വലിയതുറ സ്വദേശി വിജയ് ഓർത്തെടുക്കുമ്പോൾ കണ്ണിൽ ഭയം നിറഞ്ഞ നിസഹായത. വിമാനത്താവളത്തിൽ ചുമട്ടുതൊഴിലാളിയായ വിജയ് വിദേശത്തേക്ക‌് പോകാൻ തയാറാകുന്നതിനിടെയാണ‌് വീട് കടലെടുത്തത്.
 
ജീവൻ മാത്രം ബാക്കിയാക്കി മുഴുവൻ സമ്പാദ്യവും വീടിനൊപ്പം കടലെടുത്തു. കഴിഞ്ഞ മാസമുണ്ടായ കടൽക്ഷോഭത്തിനുശേഷം വിജയും മൂന്ന് സഹോദരങ്ങളും അമ്മയുമടങ്ങുന്ന കുടുംബം വലിയതുറ സ്കൂളിലെ  ക്യാമ്പിലാണ് താമസിച്ചിരുന്നത്. സ്കൂളിലെ കുട്ടികൾക്ക് ബുദ്ധിമുട്ടാവരുതെന്ന് കരുതി അധ്യയനവർഷം തുടങ്ങിയപ്പോൾ വീട്ടിലേക്ക‌് മടങ്ങി. ഇപ്പോൾ വീട് നിന്നിടത്ത് ബാക്കിയുള്ളത‌് ഏതുനിമിഷവും തകർന്ന് വീഴാവുന്ന രണ്ട് ചുമരുകൾ മാത്രം. വീടിന് മുന്നിലുള്ള റോഡിലേക്കുപോലും വെള്ളം കയറാത്ത അവസ്ഥ കണ്ടാണ് വിജയും സഹോദരങ്ങളും തിങ്കളാഴ‌്ച രാത്രി കിടന്നത‌്. എന്നാൽ, മണിക്കൂറുകൾകൊണ്ട് എല്ലാം മാറി മറിഞ്ഞു. കരയിലേക്ക‌് ആഞ്ഞടിച്ച തിരമാലകൾ റോഡിനൊപ്പം വീടും സമീപ പ്രദേശവും വിഴുങ്ങി. മഴക്കാലം തുടങ്ങിയതോടെ കടൽക്ഷോഭം വലിയതുറ മേഖലയിൽ വലിയ നാശമാണ് വിതച്ചത‌്. പ്രദേശത്ത് 15ലധികം വീടുകളും തകർന്നു. പല വീടുകൾ ഏതുനിമിഷവും തിര വിഴുങ്ങുമെന്ന അവസ്ഥയിലുമാണ്.
 
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top