24 June Monday

യോഗ അംബാസഡർ ടൂർ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

തിരുവനന്തപുരം

കേരളത്തെ  ആഗോള യോഗ കേന്ദ്രമാകാൻ ലക്ഷ്യമിട്ട് യോഗ അംബാസഡർ ടൂർ വ്യാഴാഴ‌്ച തുടങ്ങും. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംബാസഡർ ടൂറിൽ ഇരുപതിലേറെ രാജ്യങ്ങളിൽനിന്ന് അറുപതോളം വിദഗ്ധർ പങ്കെടുക്കും. കേന്ദ്ര ആയുഷ് മന്ത്രാലയവും കേരള ടൂറിസവും  കൈകോർക്കും. 14 മുതൽ രാജ്യാന്തര യോഗ ദിനമായ 21  വരെയാണ് യോഗ ടൂർ. തെക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ സംഘം സന്ദർശിക്കും. വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്നവരെ ബുധനാഴ‌്ച തിരുവനന്തപുരം വിമാനത്താവളത്തിൽ വരവേൽക്കും. ബുധനാഴ‌്ച രാവിലെ കോവളം ലീല റാവിസ് ഹോട്ടലിൽ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്  ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ചേരുന്ന രാജ്യാന്തര യോഗ സമ്മേളനത്തിൽ  മംഗളൂരു സർവകലാശാല യോഗ വിഭാഗം അധ്യാപകൻ ഡോ. കൃഷ്ണശർമ അധ്യക്ഷനാകും. പുരാതനരേഖകളിലെ യോഗയെക്കുറിച്ച‌് ലോണവാല കൈവല്യ ധർമയിലെ ഡോ. ബി ആർ ശർമയും ഹഠ യോഗ പരമ്പരയെക്കുറിച്ച‌് ഡോ. യോഗി ശിവനും ദർശനങ്ങളിലെ  യോഗയെക്കുറിച്ച‌് മൈസൂരു മഹാരാജാ സംസ്‌കൃത കോളേജ് ന്യായവിഭാഗം അധ്യാപകൻ ഡോ  ആൾവാറും പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന‌് ‘യോഗയ‌്ക്കുപിന്നിലെ ശാസ്ത്രം' എന്ന വിഷയത്തിൽ ഡോ. എം വി ഭോലെ അധ്യക്ഷനാകും. ‘യോഗയും മാനസിക നാഡീ പ്രതിരോധവും’ എന്ന വിഷയത്തിൽ ബംഗളൂരു ഫെയിത്സ് ഡയറക്ടർ ഡോ. കെ വി നവീനും ‘യോഗ ചികിത്സ: തത്വവും പ്രയോഗവും’ എന്ന വിഷയത്തിൽ പോണ്ടിച്ചേരി സെറ്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. മീന രാമനാഥനും ‘യോഗയും മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ ബംഗളൂരു നിംഹാൻസിലെ പ്രൊഫസർ ശിവരാമ വരമ്പള്ളിയും സംസാരിക്കും. തുടർന്ന് സാംസ്കാരികവിരുന്ന് . പതിനഞ്ചിന‌് രാവിലെ സംഘം നെയ്യാർ ശിവാനന്ദ ആശ്രമത്തിലേക്കും പിന്നീട് കന്യാകുമാരിയിലേക്കും  പോകും.  16ന‌് അമൃതാനന്ദമയി ആശ്രമം സന്ദർശിക്കുന്ന സംഘം പിന്നീട് ആലപ്പുഴയിൽ ഹൗസ് ബോട്ട് സവാരി നടത്തും. ഹൗസ് ബോട്ടിൽ കേരള സദ്യക്കുശേഷം സംഘം കുമാരകത്തേക്ക‌് പോകും. 17ന‌് തേക്കടിയിലേക്കാണ് യോഗ ടൂർ. വൈകിട്ട് താമസസ്ഥലത്ത‌് കളരിപ്പയറ്റ് അരങ്ങേറും.18ന‌് ആരണ്യ നിവാസ് സന്ദർശിക്കുന്ന സംഘം ഉച്ചയ്ക്ക് മൂന്നാറിന് തിരിക്കും. പത്തൊമ്പതിന‌് മുനിയറകളിലേക്കാണ് യാത്ര. 20ന‌് കൊച്ചിയിലേക്ക് തിരിക്കും. രാജ്യാന്തര യോഗ ദിനമായ 21ന‌് രാവിലെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വിശാല യോഗ പ്രദർശനം. പിന്നീട് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കും. വൈകിട്ട് കേരള വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ‌്ച. വിദേശ ടിവി ഷോകളിൽ കേരളത്തെയും  കേരളീയ രുചികളെയും പരിചയപ്പെടുത്തുന്ന കൊച്ചി സ്വദേശി ഷെഫ് വിസ്മയം ലിറ്റിൽ കിച്ചയെ ആദരിക്കും.

പ്രധാന വാർത്തകൾ
 Top