13 June Sunday
-കോവിഡ്‌ മുഖ്യശത്രു

പ്രതിരോധം ആദ്യ അജൻഡ

ജി രാജേഷ് കുമാർUpdated: Thursday May 13, 2021
തിരുവനന്തപുരം
ലോക്‌ഡൗൺ കാലത്തും തിരക്കിലാണ്‌  നേമത്തെ നിയുക്ത എംഎൽഎ വി ശിവൻകുട്ടി.  കോവിഡ്‌ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾക്കും കോർപറേഷനും കൂടുതൽ ജനപിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് അദ്ദേഹം.‌  കഴിഞ്ഞ ദിവസം ചേർന്ന വാർഡുതല സമിതികളുടെ സംയുക്ത അവലോകന യോഗം ഉദാഹരണം.   അവിടെയാണ്‌ നേമത്തുകാർക്ക്‌ വീണ്ടും ഒരു ‘ശിവൻകുട്ടി ടച്ച്‌’ അനുഭവപ്പെടുന്നത്‌. 
ചികിത്സ, മരുന്ന്‌, ഭക്ഷണം, കുടിവെള്ളം, വൈദ്യുതി എന്നിവയെല്ലാം ഉറപ്പാക്കാൻ വ്യക്തമായ പദ്ധതിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത യോഗത്തിൽ ആവിഷ്‌കരിച്ചത്. വാഹനമില്ലാത്തതുമൂലം ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടാതിരിക്കാൻ ചുമതല ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക്‌. ഒപ്പം യുവജന സന്നദ്ധ പ്രവർത്തകരും. മണ്ഡലത്തിനുമാത്രമായി 24 മണിക്കൂർ സഹായ കേന്ദ്രം. ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന്‌ ഉറപ്പാക്കുന്നു. മണ്ഡലത്തിലെ സ്വകാര്യ ശ്‌മശാനങ്ങളും പൊതുവായി ഉപയോഗിക്കാൻ ധാരണ. അങ്ങനെ പോകുന്നു തീരുമാനങ്ങൾ. 
മുടങ്ങിയവയ്‌ക്ക്‌ 
മുൻഗണന
കഴിഞ്ഞ അഞ്ചുവർഷത്തിൽ മുടങ്ങിപ്പോയ പദ്ധതികളുടെ പൂർത്തീകരണത്തിനൊപ്പം അടിസ്ഥാന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടും. അഞ്ചുവർഷം മുമ്പ്‌ ഭരണാനുമതി അടക്കം ഉറപ്പാക്കിയ നിരവധി പദ്ധതികളാണ്‌ ഒന്നിൽനിന്ന് തുടങ്ങേണ്ടത്‌. 
പാലങം 8
കല്ലടിമുഖം–-കാലടി സൗത്ത്‌, മധുപാലം, പള്ളത്തുക്കടവ്‌, തിരുവല്ലം–ഇടയാർ, പനത്തുറ, കീഴാറന്നൂർ, മാങ്കോട്ടുകടവ്‌, മുടവൻമുഗൾ സത്യൻ നഗർ പാലങ്ങളുടെ നിർമാണത്തിന്‌ വീണ്ടും ശ്രമം തുടങ്ങും.  ഇവ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റും. 
തിരുമല ജങ്‌ഷൻ 
വികസനം
മാസ്‌റ്റർ പ്ലാൻ പൊടിതട്ടിയെടുക്കേണ്ടിവരും‌. കച്ചവടക്കാരുടെ ആശങ്ക അകറ്റിത്തന്നെ ജങ്‌ഷൻ വികസനം സാധ്യമാക്കൽ ലക്ഷ്യം. 
റോഡ്‌ വികസനം
തിരുമല–-തൃക്കണ്ണാപുരം റോഡ്, പാപ്പനംകോട്, മേലാംകോട്‌, പുഞ്ചക്കരി വാർഡുകളെ ബന്ധിപ്പിക്കുന്ന വിശ്വംഭരൻ റോഡ്‌–-അരികത്ത്‌ ക്ഷേത്രം റോഡ്, പൂജപ്പുര ജങ്‌ഷനിലെയും പരിസരങ്ങളിലെയും എല്ലാ റോഡുകൾ തുടങ്ങിയവ അടിയന്തര സ്വഭാവത്തിൽ വികസിപ്പിക്കേണ്ടതുണ്ട്‌. 
സിവിൽ സ്‌റ്റേഷൻ
നേമത്ത്‌ സിവിൽ സ്‌റ്റേഷനായി കഴിഞ്ഞ രണ്ടു സർക്കാരും ബജറ്റിൽ തുക നീക്കിവച്ചിരുന്നു‌. ഇടപെടീലിന്റെ കുറവിനാൽ ഇത്‌‌ നഷ്ടപ്പെട്ടു‌. ഇത്തവണ സിവിൽ സ്‌റ്റേഷൻ, സബ്‌ രജിസ്‌ട്രാർ ഓഫീസ്‌, കെഎസ്‌ഇബി സബ്‌ സ്‌റ്റേഷൻ എന്നിവയും അജൻഡയാണ്‌. 
കളിക്കളങ്ങൾ,
പരിശീലനം
കൂടുതൽ മൾട്ടി പർപ്പസ്‌ സ്‌റ്റേഡിയങ്ങളും, ഒപ്പം ടർഫ്‌ സംവിധാനങ്ങളും ഉറപ്പാക്കും. പൊതുഇടങ്ങളിലെ വ്യായാമ കേന്ദ്രങ്ങളും കായിക പരിശീലന സൗകര്യങ്ങളും ലഭ്യമാക്കും. നെടുങ്കാട് മാതൃകയിൽ കൂടുതൽ സ്‌കൂൾ നീന്തൽ കുളങ്ങൾ സ്ഥാപിക്കും. 
കുളം നവീകരണം
എല്ലാ പൊതുകുളങ്ങളും നവീകരിച്ച്‌ ഉപയോഗപ്രദമാക്കും. എല്ലാ പ്രദേശത്തും സ്വീവറേജ്‌ സംവിധാനമെത്തിക്കാൻ സർവെ പ്രവർത്തനങ്ങൾ ആരംഭിക്കും. 
കോളനി നവീകരണം, ഉപജീവനം
എംഎസ്‌കെ കോളനി വകസന മാതൃക വ്യാപിപ്പിക്കും. സ്‌ത്രീകൾക്കായി കുടുംബശ്രീയുടെ സഹായത്തോടെ കൂടുതൽ ഉൽപ്പന്ന നിർമാണ യൂണിറ്റുകൾ തുടങ്ങും. ഉൽപ്പന്നങ്ങളുടെ വിപണന സൗകര്യവുമൊരുക്കും. 
അർഹരായ എല്ലാവർക്കും പട്ടയം,  വീട്‌, ഭൂമിയും വീടും ഉറപ്പാക്കുക ശ്രമകരമായ ദൗത്യമാണ്‌.
ആറ്റുകാൽ ടൗൺഷിപ്
18 വാർഡിന്റെ ആവശ്യമാണ്‌ പദ്ധതി പുർത്തീകരണം. ‌ മുടങ്ങിയ പദ്ധതി പുനരാംരംഭിക്കും. 
സ്‌കൂളെല്ലാം 
ഹൈടെക്‌
മണ്ഡലത്തിലെ എല്ലാ സ്‌കൂളും ഹൈടെക്കാക്കുക ലക്ഷ്യം. തിരുവല്ലം, പുഞ്ചക്കരി സ്‌കൂളുകളിൽ മുടങ്ങിപ്പോയ ഓപ്പൺ എയർ ഓഡിറ്റോറിയങ്ങളുടെ നിർമാണ സാധ്യതതേടും. കൂടുതൽ കമ്യൂണിറ്റി ഹാളുകളും വേണം. 
കുടിവെള്ള പദ്ധതി
കരമന മേഖല കേന്ദ്രീകരിച്ച്‌ ശുദ്ധീകരണ സംവിധാനമടക്കമുള്ള കുടിവെള്ള പദ്ധതി ആലോചിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top