18 June Friday
സ്വന്തം ലേഖകൻ

ബണ്ട്‌ തകർന്ന്‌ വെള്ളായണിയിൽ 
വീടുകളും കൃഷിയും നശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

വെള്ളായണിയിലെ മഴക്കെടുതി പ്രദേശങ്ങൾ സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ സന്ദർശിക്കുന്നു

തിരുവനന്തപുരം
ചൊവ്വാഴ്ച രാത്രി പെയ്ത കനത്തമഴയിൽ വെള്ളായണിയിൽ ബണ്ട്‌ തകർന്ന്‌ വ്യാപക നാശം. നിരവധി വീടുകളിൽ വെള്ളം കയറി. കല്ലിയൂർ  പഞ്ചായത്തിലെ  കാഞ്ഞിരത്തടി, മാങ്കിലിക്കരി, നിലമേൽക്കരി, പണ്ടാരക്കിരി, പുഞ്ചക്കരി പ്രദേശത്തെ ഏക്കറുകണക്കിന് പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി.
പള്ളിച്ചൽ തോട്ടിലെ ബണ്ട് മുറിഞ്ഞാണ്‌ വെള്ളം കയറിയത്. കർഷകനായ  കെ സി അജിത്തിന്റെ  കൊയ്‌തെടുത്ത നെല്ല്‌  വെള്ളത്തിനടിയിലായി. വെള്ളായണി ക്ഷേത്രത്തിനു സമീപം  കൃഷിവകുപ്പിന്റെ സഹായത്തോടെയുള്ള ഗീതാകുമാരിയുടെ  മത്സ്യക്കുളം നശിച്ചു. രണ്ടര ലക്ഷത്തോളം രൂപയുടെ  നഷ്ടം സംഭവിച്ചു. 
അർധരാത്രി ബണ്ട് പൊട്ടിയ ഉടൻ സിപിഐ എം, -ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. വടക്കേ തോട്ടുവരമ്പിൽ ശിവാനന്ദൻ, സുജാത, ജഗദമ്മ, സുലജ, സുനിത, ആറാട്ടുകടവിൽ ലില്ലി, രാധിക  എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ചെങ്കോട് കീഴ്പാട് പറമ്പിൽ വീട്ടിൽ സ്മിതയുടെ വീടിന്റെ മുൻവശത്തെ ചുമര് തകർന്നു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
പള്ളിച്ചൽ പഞ്ചായത്തിലെ മുടവൂർപ്പാറ ഏല, ഇടയ്ക്കോട്, പ്രാവച്ചമ്പലം തുടങ്ങി പത്തോളം സ്ഥലത്ത്‌ വെള്ളം കയറി കൃഷി നശിച്ചു.  
 മഴക്കെടുതി  പ്രദേശങ്ങൾ നിയുക്ത എംഎൽഎ  ഐ ബി സതീഷ്, സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, കർഷകസംഘം ഏരിയ പ്രസിഡന്റ് ജി വസുന്ധരൻ, പഞ്ചായത്ത്‌ പ്രസിഡന്റ് ടി മല്ലിക തുടങ്ങിയവർ  സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top