24 July Wednesday
ആർഎസ്എസ്–-- ബിജെപി അക്രമം

സംഘർഷം സൃഷ്ടിച്ച് ആസൂത്രിത കലാപത്തിന‌് നീക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019
പാറശാല - 
സിപിഐ എം പ്രവർത്തകരുടെ വീടിനുനേരെ ആക്രമണം നടത്തുകയും ഡിവൈഎഫ്ഐ–- എസ്എഫ്ഐ പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തുവാനും ശ്രമിച്ച ആർഎസ്എസ് ലക്ഷ്യമിട്ടത‌് കലാപത്തിന‌്. അക്രമത്തിന‌് കാരണക്കാരായ ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യം ശക്തമായി. വ്യാപകമായി സംഘർഷം സൃഷ്ടിച്ച് അതിർത്തി പ്രദേശത്ത് കലാപത്തിനാണ് ആർഎസ്എസ്–-ബിജെപി സംഘം ആസൂത്രിതനീക്കം നടത്തിയത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ വിവിധ ഭാഗങ്ങളിലെ കൊടിമരങ്ങൾ നശിപ്പിച്ചു.
 മാസങ്ങൾക്ക് മുമ്പ് കൊടവിളാകം ചെക്ക് മൂട്ടിൽ സ്ഥാപിച്ചിരുന്ന കൊടിമരം അറുത്ത് മാറ്റി സമീപത്തെ കുളത്തിൽ ഉപേക്ഷിച്ചിരുന്നു, വട്ടവിള ജങ‌്ഷനിലെ കൊടിമരം നശിപ്പിച്ച് സ്മൃതി മണ്ഡപങ്ങൾ തകർത്തിരുന്നു, കുറുങ്കൂട്ടി ഈസ്റ്റ് ബ്രാഞ്ച്  സ്ഥാപിച്ചിരുന്ന കൊടിമരം, ഉദിയൻകുളങ്ങര, മഞ്ചവിളാകം, ചെങ്കൽ, ചിറക്കോണം ഭാഗങ്ങളിലെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും ഒരു പ്രകോപനവുമില്ലാതെ നശിപ്പിച്ചു. സ്ഥലത്തെ സമാധാനാന്തരീക്ഷം തകർത്ത് ബോധപൂർവ്വം അക്രമം അഴിച്ചുവിട്ട് കലാപത്തിന് കോപ്പുകൂട്ടാനുള്ള ആസൂത്രിത നീക്കങ്ങളാണ് ഇതിലൂടെ ആർഎസ്എസ് നടത്തിയത്. പാർടി പ്രവർത്തകർ സംയമനം പാലിക്കുന്നതുകൊണ്ടാണ് അതിർത്തി പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം തകരാതിരിക്കുന്നതും സമാധാനാന്തരീക്ഷം നിലനിൽക്കുന്നതും. ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ഏത് വിധേയനേയും വ്യാപകമായ രീതിയിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു അക്രമം. ഇതിന്റെ അവസാനഘട്ടത്തിൽ, സമാധാനപരമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ പാറശാല പഞ്ചായത്ത് പ്രസിഡന്റ‌് എസ് സുരേഷിന്റെയും പാറശാല ലോക്കൽ സെക്രട്ടറി ആർ ബിജുവിന്റെയും വീടുകൾക്ക് നേരെ ഇരുളിന്റെ മറവിൽ വാളുൾപ്പെടെയുള്ള മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തി.  ഏരിയയിലെ ചില ഭാഗങ്ങളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും അതിർത്തിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ സ്കൂൾ കേന്ദ്രീകരിച്ചുമാണ് അക്രമങ്ങൾക്ക് ആർഎസ്എസ്–-- ബിജെപി സംഘം ആസൂത്രണം ചെയ്യുന്നതെന്നും ഇവിടെ പുറത്ത് നിന്നുള്ള ആർഎസ്എസ് ക്രിമിനൽ സംഘം താവളമടിക്കുന്നതായും ആരോപണമുണ്ട്.
 
കൊടവിളാകം ചെക്ക്മൂട്ടിലും - ഇഞ്ചിവിള നടുത്തോട്ടത്തിലും മാരകായുധങ്ങളുമായെത്തിയ ആർഎസ്എസ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ–-എസ്എഫ് ഐ പ്രവർത്തകർ ഇപ്പോഴും ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. സംഭവത്തിൽ പന്ത്രണ്ട് ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം നടത്തി വരുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാൻ അധികൃതർ നടപടി  കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.
പ്രധാന വാർത്തകൾ
 Top