ശ്രീചിത്ര ഹോം അങ്കണത്തിൽ വിവാഹമേളം
തിരുവനന്തപുരം
മകളുടെ വിവാഹത്തിനൊപ്പം ശ്രീചിത്ര ഹോമിലെ രണ്ട് പെൺകുട്ടികളുടെ വിവാഹവും നടത്തി നെടുമങ്ങാട് സ്വദേശിനി രജിത. മഞ്ച കണ്ണാണികോണം അശ്വതിയിൽ രജിത ഗോപനാണ് മകൾ ഗോപിക ഗോപന്റെ വിവാഹത്തിനൊപ്പം തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിലെ എസ് രമ്യ, എം മന്യ എന്നിവരുടെ വിവാഹവും നടത്തിയത്.
ശ്രീചിത്ര ഹോമിന്റെ അങ്കണത്തിൽ നിർമിച്ച വേദിയിൽ ബുധനാഴ്ച രാവിലെ മൂന്നുപേരും വിവാഹിതരായി. പുന്നയ്ക്കാമുഗൾ ശിവതീർഥം വീട്ടിൽ വിനീഷായിരുന്നു ഗോപികയുടെ വരൻ. മന്ത്രി വീണാ ജോർജും ശ്രീചിത്ര ഹോം സൂപ്രണ്ട് വി ബിന്ദുവും രമ്യയെയും മന്യയെയും കൈപിടിച്ച് വേദിയിൽ കൊണ്ടുവന്നു. കോവളം മുട്ടയ്ക്കാട് സ്വദേശി വി പി വിനോദ് രമ്യയെയും കാസർകോട് പറക്കളായി സ്വദേശി പി ശ്രീനാഥ് മന്യയെയും വിവാഹം ചെയ്തു. കലക്ടർ അനുകുമാരി, സബ് കലക്ടർ ഒ വി ആൽഫ്രഡ്, അസി. കലക്ടർ സാക്ഷി മോഹൻ എന്നിവരും പങ്കെടുത്തു.
ഒരേസമയം നടന്ന മൂന്ന് വിവാഹങ്ങൾക്കും നൂറുകണക്കിനുപേർ സാക്ഷികളായി. മകൾക്കും മറ്റ് രണ്ടുപേർക്കും അഞ്ച് പവൻ വീതം ആഭരണവും രജിത ഗോപൻ സമ്മാനിച്ചു. ബുധനാഴ്ച ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ജോലിക്കായി എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിൽ അഭിമുഖത്തിന് ഹാജരാകേണ്ടതായിരുന്നു മന്യ. വിവാഹതീയതിയും അഭിമുഖ തീയതിയും അപ്രതീക്ഷിതമായി ഒന്നായതിൽ അവൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ മന്യയ്ക്കായി മറ്റൊരു ദിവസം അഭിമുഖം നടത്തണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. പരേതനായ ഗോപകുമാറാണ് രജിത ഗോപന്റെ ഭർത്താവ്.
0 comments