14 December Saturday
വർണോത്സവം -

തിരുവനന്തപുരത്തിന് കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

വർണോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ വഴുതക്കാട്‌ കാർമൽ സ്‌കൂൾ ടീം

 
തിരുവനന്തപുരം 
സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വർണോത്സവത്തിൽ തിരുവനന്തപുരം ജില്ലയ്ക്ക് കിരീടം. വിജയികൾക്ക് ബാലഭാസ്‌കർ മെമ്മോറിയൽ എവറോളിങ് ട്രോഫി നൽകും. പത്തനംതിട്ട, കൊല്ലം ജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി. തിരുവനന്തപുരം വഴുതയ്ക്കാട് കാർമൽ സ്‌കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി. വർക്കല പാളയംകുന്ന് ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥി ആദിലക്ഷ്മി കലാതിലകവും തിരുവനന്തപുരം കമലേശ്വരം ദ ഓക്‌സ്ഫഡ് സ്‌കൂളിലെ അഞ്ചാം ക്ലാസുകാരൻ സഈദ് ജുബൈർ കലാപ്രതിഭയുമായി. ശിശുക്ഷേമസമിതി ജില്ലാ തലത്തിൽ നടത്തിയ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ അഞ്ഞൂറോളം പ്രതിഭകളാണ് വർണോത്സവത്തിൽ മാറ്റുരച്ചത്. 
 
മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും ഒന്നാം സ്ഥാനവും നാടോടിനൃത്തത്തിന് രണ്ടാം സ്ഥാനവും നേടിയാണ് ആദിലക്ഷ്മി കലാതിലകമായത്. അസാമാന്യ മെയ്‌വഴക്കവും ലാസ്യലയ ഭാവങ്ങളുമായി ഈ കൊച്ചുകലാകാരി വേദികൾ കീഴടക്കുകയായിരുന്നു. അച്ഛൻ ആർ എൽ വി ലൈജു 20 വർഷമായി നൃത്തഅധ്യാപകനാണ്. അമ്മ: മിഥില. ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ലേഖനം, ഇംഗ്ലീഷ് പദ്യപാരായണം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് സഈദ് ജുബൈർ കലാപ്രതിഭയായത്. ആർക്കിടെക് ആയ ജുബൈർ സിദ്ധിഖിന്റെയും സുചിനയുടെയും ഇളയമകനാണ് .
 
ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് 14ന് കനകക്കുന്നിൽ നടക്കുന്ന സമാപനസമ്മേളനം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
 മന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും. കലോത്സവത്തിൽ സമ്മാനം നേടിയവരുടെ കലാപ്രകടനങ്ങളും അരങ്ങേറും.
പ്രധാന വാർത്തകൾ
 Top