14 December Saturday
ഭക്ഷ്യവിഷബാധയെന്ന്‌ സംശയം

മീൻപിടിക്കാൻപോയ അഞ്ചുതെങ്ങ്‌ സ്വദേശി ബോട്ടിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
 
കാസർകോട്‌/ചിറയിൻകീഴ്‌
കടലിൽ മീൻപിടിക്കാൻപോയ തിരുവനന്തപുരം അഞ്ചുതെങ്ങ്‌ സ്വദേശികളായ പത്തുപേരിൽ ഒരാൾ ബോട്ടിൽ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ്‌ സംശയം. മൂന്നുപേർ ആശുപത്രിയിലാണ്‌. അഞ്ചുപേർക്ക്‌ പ്രഥമശുശ്രൂഷ നൽകി. അഞ്ചുതെങ്ങ്‌ മേക്കുമുറി പണ്ടകശാലയിലെ തീത്തൂസ് - മഖ് രി ദമ്പതികളുടെ മകൻ ചാർളി (52)യാണ്‌ മരിച്ചത്‌.  തദേയൂസ്, അരോഖി, ഗിൽബർട്ട് എന്നിവരാണ്  ചികിത്സയിലുള്ളത്. കാസർകോട്‌ തീരദേശ പൊലീസാണ്‌ അവശരായവരെ കരയിലെത്തിച്ചത്‌. 
 
   കഴിഞ്ഞ അഞ്ചിന് മംഗളൂരു മൽപ്പെയിൽനിന്നാണ് സംഘം മീൻപിടിക്കാൻ പുറപ്പെട്ടത്. ബോട്ടിൽവച്ച് ഭക്ഷണം പാകംചെയ്ത് കഴിച്ചതുമുതൽ  ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. ഇവരിൽ  മുന (27) എന്നയാളെ  മറ്റൊരു ബോട്ടിൽ തിങ്കളാഴ്‌ച രാവിലെ കരയിലേക്കയച്ചു. ബാക്കിയുള്ളവർ മീൻപിടിത്തം തുടർന്നു.  ചാർളി അബോധാവസ്ഥയിലാകുകയായിരുന്നു.  മൂന്നുപേർക്ക്‌ സാരമായ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. അതോടെ ബോട്ടിന്റെ ദിശ തെറ്റി.  അവശരായവർ അഞ്ചുതെങ്ങ്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ ബന്ധപ്പെട്ടു. അദ്ദേഹമാണ്‌ കാസർകോട്‌ തീരദേശ പൊലീസിനെ വിവരമറിയിച്ചത്‌.  കാസർകോട്‌ കടലിൽ പടിഞ്ഞാറായി മൂന്ന്‌ നോട്ടിക്കൽ മൈൽ അപ്പുറത്താണ്‌ തീരദേശ  പൊലീസ്‌ ബോട്ട്‌ കണ്ടെത്തിയത്‌. അപ്പോഴേക്കും ചാർലി മരിച്ചിരുന്നു.  തീരദേശ പൊലീസ് സിഐ സിബി തോമസിന്റെ നേതൃത്വത്തിലാണ്‌ അവശരായവരെ കരയിലെത്തിച്ചത്‌.
 
   ബോട്ടിലെ ആവശ്യങ്ങൾക്കായി മൽപ്പെയിൽനിന്ന്‌ ശേഖരിച്ച വെള്ളത്തിൽ വിഷാംശം കലർന്നിട്ടുണ്ടോയെന്നറിയാൻ പരിശോധനക്കയച്ചു. മൃതദേഹം കാസർകോട്‌ ജനറൽ ആശുപത്രി മോർച്ചറിയിൽ.
രത് നം ആണ് ചാർളിയുടെ ഭാര്യ. ബിനു, വിനോദ്, ജോബ് എന്നിവർ മക്കളാണ്.
പ്രധാന വാർത്തകൾ
 Top