08 December Sunday

പുസ്‌തകവുമായി വരൂ, ക്ലാസ്‌ മുറികളിൽ ലൈബ്രറിയൊരുക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
തിരുവനന്തപുരം
ജില്ലയെ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ജില്ലയാക്കി മാറ്റുന്നതിനായുള്ള ‘സർഗ വായന സമ്പൂർണ വായന’ പദ്ധതിയുടെ ഭാഗമായി പുസ്‌തക സമാഹരണം ആരംഭിക്കുന്നു. ഇതിനായി ചൊവ്വാഴ്‌ചമുതൽ ജില്ലാപഞ്ചായത്ത് ഓഫീസിൽ കലക്ഷൻ പോയിന്റ്‌ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായി  സ്കൂളുകളിൽനിന്ന്‌ വിദ്യാർഥികൾ ശേഖരിച്ച പുസ്തകങ്ങൾ ജില്ലാപഞ്ചായത്ത് ഓഫീസിൽ സമാഹരിക്കും. കലക്ഷൻ പോയിന്റ് ചൊവ്വാഴ്ച പകൽ 11ന്‌ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്യും.  
   ജില്ലയിലെ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി സജ്ജമാക്കുക, വിവിധ തലങ്ങളിൽ വായനാ അനുബന്ധ പരിപാടികളും വായനോത്സവവും സംഘടിപ്പിക്കുക, വിദ്യാർഥികളിൽ വായനാ സംസ്കാരം വളർത്തുക തുടങ്ങിയവയാണ്‌ പദ്ധതിയുടെ ലക്ഷ്യങ്ങൾ. അഞ്ച്‌ ലക്ഷത്തിലധികം പുസ്തകങ്ങളാണ് ശേഖരിക്കുന്നത്‌. പുസ്തകം സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്കൂൾ തലത്തിൽ സജ്ജീകരിക്കൽ, പ്രാദേശിക വായനശാലകളുടെ വിഭവങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തിനായി പ്രയോജനപ്പെടുത്തൽ, കുട്ടികളുടെ വായനയിൽ സമൂഹ പിന്തുണ ഉറപ്പാക്കൽ, ക്ലാസ് റൂം ലൈബ്രറി ചിട്ടപ്പെടുത്തി അധിക വായനയിലേക്കും സ്വതന്ത്ര വായനയിലേക്കും കുട്ടികളെ നയിക്കാൻ അധ്യാപകരെ സജ്ജരാക്കൽ തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. 
   ജില്ലയിലെ വിദ്യാലയങ്ങളിലെ ഒരോ ക്ലാസ് മുറിയിലും പുസ്തകങ്ങൾ സൂക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാപഞ്ചായത്തിൽ ആരംഭിക്കുന്ന കലക്ഷൻ പോയിന്റിലേക്ക്‌ ‌ആർക്കും പുസ്തകങ്ങൾ എത്തിക്കാമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top