13 November Wednesday

കൗൺസിൽ യോഗം അലങ്കോലപ്പെടുത്തി ബിജെപി–-യുഡിഎഫ്‌ അംഗങ്ങൾ

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2019
തിരുവനന്തപുരം
വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ മേയറെ ഒന്ന്‌ ക്ഷീണിപ്പിക്കാനാകുമോ എന്ന കുതന്ത്രവുമായി യുഡിഎഫ്‌–- ബിജെപി അംഗങ്ങൾ. മലിനീകരണ നിയന്ത്രണബോർഡ്‌ അധ്യക്ഷൻ സ്വന്തം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടീസിന്റെപേരിൽ കൗൺസിൽ യോഗത്തിൽ ബഹളംവച്ചു. ഇത്‌ സംബന്ധിച്ച്‌ ഒരു നോട്ടീസും നഗരസഭയ്‌ക്ക്‌ കിട്ടിയിട്ടില്ലെന്ന്‌ അധ്യക്ഷയായ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അറിയിച്ചിട്ടും  ബഹളം തുടർന്ന കോൺഗ്രസ്‌–- ബിജെപി അംഗങ്ങൾക്ക്‌ വസ്‌തുതാപരമായ വിവരങ്ങൾ കൈമാറിയതോടെ മറുപടി ഇല്ലാതായി.  നഗരസഭ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കുന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പറഞ്ഞാണ്‌ 14.16 കോടി രൂപ പിഴയടക്കമുള്ള കാരണംകാണിക്കൽ നോട്ടീസ്‌ മലിനീകരണ ബോർഡിന്റെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയത്‌. 
 
നഗരസഭയ്‌ക്ക്‌ ഒൗദ്യോഗികമായി നോട്ടീസ്‌ ലഭിച്ചിട്ടില്ലെന്നും സൈറ്റിൽ പരസ്യപ്പെടുത്തിയ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്നും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ശ്രീകുമാർ പറഞ്ഞു. 
വിളപ്പിൽശാല മാലിന്യപ്ലാന്റ്‌ 2011ൽ യുഡിഎഫ്‌ സർക്കാർ പൂട്ടിയതിന്‌ ശേഷം വികേന്ദ്രീകൃത മാലിന്യസംസ്‌കരണമാണ്‌ നഗരസഭ നടപ്പാക്കുന്നത്‌.  മാലിന്യ സംസ്‌കരണത്തിൽ ഇതിനോടകം നിരവധി അംഗീകാരം നേടിയിട്ടുണ്ട്‌. ‌ഇതൊന്നും പരിഗണിക്കാതെയും പഠിക്കാതെയുമാണ്‌ മലിനീകരണ ബോർഡിന്റെ നടപടി. നോട്ടീസിൽ ആകെ 40 ഖണ്ഡികയിലായി 38 കാരണങ്ങളാണുള്ളത്‌. ഇതിൽ മൂന്നെണ്ണം 4 തവണയും ഒരെണ്ണം മൂന്നു തവണയും മൂന്നെണ്ണം രണ്ടുതവണയും ആവർത്തിച്ചിരിക്കുന്നതായി കാണാം. അതിവേഗം തട്ടിക്കൂട്ടി നോട്ടീസ്‌ ഉണ്ടാക്കിയതിന്റെ സൂചനയാണിത്‌.
 
നഗരത്തിലെ മാലിന്യങ്ങൾ കൈകാര്യംചെയ്യാൻ നഗരസഭയ്‌ക്ക് സംവിധാനമില്ല എന്ന്‌ നോട്ടീസിൽ പറയുന്നു. എന്നാൽ,  മാലിന്യങ്ങൾ കൈകാര്യംചെയ്യാനുള്ള മുഴുവൻ സംവിധാനമുണ്ട്‌. കൂടാതെ ഇനി 154 ഇടങ്ങളിലായി വികേന്ദ്രീകൃത പദ്ധതികൾ തയ്യാറായി വരികയാണെന്നും കെ ശ്രീകുമാർ വിശദീകരിച്ചു. നോട്ടീസ്‌ പരസ്യപ്പെടുത്തിയ പത്രവാർത്തയുമായെത്തിയ യുഡിഎഫ്‌–-ബിജെപി അംഗങ്ങൾക്ക്‌ വിശദീകരണത്തിൽ മറുപടി നൽകാനാകാതായതോടെയാണ്‌ യോഗം അലങ്കോലപ്പെടുത്താനുള്ള ശ്രമം. 
നോട്ടീസ്‌ ലഭിച്ചിട്ടില്ല: സെക്രട്ടറി
 
മലിനീകരണ ബോർഡിൽനിന്ന്‌ ഒദ്യോഗികമായി തപാൽ മാർഗമോ മെയിൽ വഴിയോ കാരണംകാണിക്കൽ നോട്ടീസ്‌ ലഭിച്ചിട്ടില്ലെന്ന്‌ നഗരസഭ സെക്രട്ടറി എൽ എസ്‌ ദീപ പറഞ്ഞു. 
കാരണം കാണിക്കൽ നോട്ടീസ്‌ ലഭിക്കുന്ന പക്ഷം മറുപടി നൽകാൻ നഗരസഭ തയ്യാറാണെന്നും അവർ പറഞ്ഞു. 
 
തുക ഒടുക്കാൻ നിർദേശമില്ല; മലിനീകരണ നിയന്ത്രണ ബോർഡ്‌
 
തിരുവനന്തപുരം, തൃശൂർ എന്നീ നഗരസഭകൾക്ക് ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസാണ്‌ നൽകിയിട്ടുള്ളത്‌. 
തുക ഒടുക്കുന്നതിനുള്ള നിർദേശം നൽകിയിട്ടില്ലെന്ന്‌ മലിനീകരണ നിയന്ത്രണ ബോർഡ്‌ ചെയർമാൻ ഡോ. അജിത്‌ ഹരിദാസ്‌ വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top