13 November Wednesday
കൊതുക്‌ നിയന്ത്രണം

വെളിയിടങ്ങളുടെ കണക്കെടുക്കുന്നു

സ്വന്തം ലേഖികUpdated: Saturday Oct 12, 2019
തിരുവനന്തപുരം
തലസ്ഥാനജില്ലയിൽ പനിപ്രതിരോധത്തിന്‌ നടപടിയുമായി ആരോഗ്യവകുപ്പ്‌. ആൾത്താമസമില്ലാത്ത വെളിയിടങ്ങളുടെ കണക്കെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകി. വെളിയിടങ്ങളിൽ മാലിന്യം തള്ളുന്നത്‌ കൊതുക്‌ പെരുകാൻ ഇടയാക്കുന്ന സാഹചര്യത്തിലാണിത്‌. ഓരോ പഞ്ചായത്തിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടെ കണക്കെടുത്ത്‌ ഉടമസ്ഥനെ കണ്ടെത്തും. സ്വന്തം സ്ഥലത്തെ മാലിന്യസംസ്കരണം ഉടമസ്ഥരുടെ ഉത്തരവാദിത്തമാണ്‌. തുടർച്ചയായി മാലിന്യം സംസ്കരിക്കാൻ വിമുഖത കാട്ടുന്ന ഉടമസ്ഥരിൽനിന്ന്‌ പിഴ ഈടാക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകും.
വിവിധ പ്രദേശങ്ങളിൽ ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ കണ്ടെയ്‌നറുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. ഇവ കൊതുക്‌ പെരുകാൻ അനുകൂലസാഹചര്യം സൃഷ്ടിക്കുന്നു. ഇത്‌ പരിഹരിക്കാൻ ജില്ലയിലെമ്പാടും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരണം നിർബന്ധമാക്കും. വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയും മറ്റ്‌ സ്ഥാപനങ്ങളിൽ ശനിയാഴ്ചയും ഡ്രൈ ഡേ ആചരിക്കണം. ഓരോ സ്ഥാപനത്തിലും ഇതിനായി ഒരാളെ വീതം ചുമതലപ്പെടുത്തണം. സ്കൂളുകളും സ്ഥാപനങ്ങളും ഓഫീസുകളും എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ച്‌ അതത്‌ തദ്ദേശഭരണസ്ഥാപനത്തിന്‌ റിപ്പോർട്ട്‌ സമർപ്പിക്കണം. 
ജില്ലയിൽ ഫോഗിങ്‌ ശക്തിപ്പെടുത്താനും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും നിർദേശം നൽകി. ഇടവിട്ടുള്ള മഴയും വെയിലും പനി പടരാൻ അനുകൂല സാഹചര്യമാണ്‌. ജനം ആരോഗ്യമുന്നറിയിപ്പുകൾ ഗൗരവമായി കാണണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി പി പ്രീത പറഞ്ഞു.
പ്രധാന വാർത്തകൾ
 Top