കഴക്കൂട്ടം
നിയന്ത്രണംവിട്ട ടിപ്പർലോറി സമാന്തര സർവീസ് നടത്തുന്ന ടെമ്പോ വാനിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ടെമ്പോ യാത്രക്കാരൻ ചന്തവിള സ്വദേശി മഹേഷി (36) നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിന്റെ ഡ്രൈവർ പള്ളിപ്പുറം പറമ്പിപ്പാലം പണയിൽവീട്ടിൽ സുനീറിനെ (24) യും മറ്റ് രണ്ട് യാത്രക്കാരെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. കഴക്കൂട്ടത്തുനിന്ന് പോത്തൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോവാൻ ചന്തവിള ഗവ. യുപി സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടയിൽ പോത്തൻകോട് ഭാഗത്തുനിന്ന് വന്ന ടിപ്പർ നിയന്ത്രണം തെറ്റി എതിർഭാഗത്തെ ടെമ്പോവാനിൽ ഇടിച്ചു. വാനിന്റെ മുൻവശം തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പോത്തൻകോട് പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ സമയങ്ങളിൽ ഈ ഭാഗത്ത് ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ആക്കുളം നിഷിന് സമീപം സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പർ. പോത്തൻകോട് പൊലീസ് കേസെടുത്തു.