22 September Tuesday

നിങ്ങള്‍ വാങ്ങുന്ന കുട റഹീമിനും തണലേകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

റഹീമും റംലയും തങ്ങൾ നിർമിച്ച കുടയുമായി

തിരുവനന്തപുരം
സൗദിയുടെ മണ്ണില്‍നിന്നുകൊണ്ട് നാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാമെന്ന റഹീമിന്റെ സ്വപ്നം 25-ാം വയസ്സില്‍ തകര്‍ന്നതാണ്. ചെറുപ്രായത്തില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ ‍വന്ന ദുരന്തം ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയുംകൊണ്ട് മടങ്ങി. റഹീമിനെ ചക്രക്കസേരയിലേക്ക് തളര്‍ത്തിയിടാന്‍ ആ അപകടത്തിന് കഴിഞ്ഞെങ്കിലും മനസ്സിനെ തളര്‍ത്താനായിട്ടില്ല.
 
24 വർഷമായി പോരാട്ടത്തിന്റെ വേറിട്ട മാതൃക നെയ്യുകയാണ്‌ ഈ 49കാരൻ. സ്വന്തമായുണ്ടാക്കുന്ന കുടകളാണ് കുറച്ചുകാലമായി ഇദ്ദേ​ഹത്തിനും കുടുംബത്തിനും തണലാകുന്നത്. കാട്ടാക്കട പേഴുംമൂട് സ്വദേശിയായ റഹീമിന് ഉമ്മയും ഭാര്യയും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. കുടകൾ നിര്‍മിച്ചും പേപ്പർ പേനകളുണ്ടാക്കിയും ജീവിതം മുന്നോട്ടുനീക്കുകയാണിദ്ദേഹം. 
1994 ലാണ്‌ സൗദിയിൽ ഡ്രൈവറായിരുന്ന റഹീമിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്‌. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ തല്‍ക്ഷണം മരിച്ചു. നട്ടെല്ലിനുണ്ടായ പരിക്ക് റഹീമിനെ വീൽച്ചെയറിലെത്തിച്ചു. പ്രത്യേകം സജ്ജീകരിച്ച സ്‌കൂട്ടർ അഞ്ചുവർഷമായി ഒപ്പമുണ്ട്. 
കോഴിക്കോടുനിന്ന്‌ കുടയുടെ കിറ്റുകൾ വരുത്തി വീട്ടില്‍ത്തന്നെയാണ് നിര്‍മാണം. ഓർഡർ അനുസരിച്ച്‌ ആളുകൾ വീട്ടിൽ വന്ന്‌ വാങ്ങും. ആവശ്യക്കാർക്ക് സ്‌കൂട്ടറിൽ  എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. കൈകൾക്കും സ്വാധീനക്കുറവുള്ളതിനാൽ ഭാര്യ റംലയും സഹായത്തിനുണ്ട്‌. കുടകൾ കൂടാതെ വിത്തുപേനകള്‍ ആവശ്യക്കാർക്ക് ആശംസകൾ പ്രിന്റ് ചെയ്തും നൽകുന്നുണ്ട്‌.  ‘കോവിഡ്‌, കുട വിൽപ്പനയെ  ബാധിച്ചു. സ്‌കൂളില്ലാത്തതിനാൽ മുമ്പത്തേതുപോലെ കച്ചവടമില്ല. എങ്കിലും വിശ്രമിക്കാൻ ഒരുക്കമല്ല.’ റഹീം പറയുന്നു.
 7034500484 എന്ന നമ്പരില്‍ വിളിച്ച് കുട വാങ്ങിയാല്‍ നിങ്ങള്‍ക്കുമാത്രമല്ല, റഹീമിനും അതൊരു തണലാകും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top