വിളപ്പിൽ
ഒരു വർഷത്തിനകം ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാതലായ പ്രശ്നങ്ങൾക്ക് പൂർണമായി പരിഹാരം കാണുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. മലയിൻകീഴ് മാധവകവി സ്മാരക ഗവൺമെന്റ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ലോകത്തിന് മാതൃകയാണെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് ചില പ്രശ്നങ്ങളുണ്ട്. കുറേയേറെ പ്രശ്നങ്ങൾ പരിഹരിച്ചു. മാധവകവി സ്മാരക കോളേജിന്റെ അടിസ്ഥാനവികസനത്തിന് കിഫ്ബി വഴി 10 കോടിരൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മലയിൻകീഴ് ആനപ്പാറക്കുന്നിൽ അഞ്ചരയേക്കറിൽ 10 കോടിയോളം രൂപ ചെലവഴിച്ച് 34250 ചതുരശ്ര അടിയുള്ള ബഹുനിലമന്ദിരമാണ് പൂർത്തീകരിച്ചത്. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ് ചന്ദ്രൻനായർ സ്വാഗതം പറഞ്ഞു. മുൻ സ്പീക്കർ എൻ ശക്തൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ ശകുന്തളകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ആർ രമകുമാരി, എസ് ശോഭനകുമാരി, പ്രിൻസിപ്പൽ എസ് പി ചാന്ദിനി ശ്യാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരോജിനി, വി എസ് ശ്രീകാന്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.