19 May Sunday

മരിയാ ദാസിന്റെ കുടുംബത്തിന‌് സംരക്ഷണമൊരുക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

കോവളം

കോളിയൂർ ചാനൽക്കര വീട്ടിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട മരിയാ ദാസിന്റെ കുടുംബത്തിന് സിപിഐ എം സംരക്ഷണം. സംഭവത്തിൽ മരിയാ ദാസിന്റെ ഭാര്യയും  ക്രൂരമായ ആക്രമണത്തിനും ബലാൽക്കാരത്തിനും വിധേയയായിരുന്നു. സംഭവം നടക്കുമ്പോൾ മരിയാ ദാസിന്റെ മകളും മകനും ഒന്നുമറിയാതെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. നിർമാണ തൊഴിലാളിയായിരുന്ന മരിയാ ദാസ‌് കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനവും ഭാര്യവീട്ടിൽ നടത്തിയിരുന്ന ചെറിയ കടയിൽ നിന്നും കിട്ടുന്ന വരുമാനവും കൊണ്ട് വളരെ കഷ്ടപ്പെട്ടായിരുന്നു രണ്ടു മക്കളെയും പഠിപ്പിച്ചിരുന്നത്. സിപിഐ എം പ്രവർത്തകനായിരുന്ന മരിയാ ദാസിന്റെ കൊലപാതകത്തോടെ അനാഥമായ കുടുംബത്തെ സംരക്ഷിക്കാൻ അന്ന് കോവളം ഏരിയ കമ്മിറ്റിയും തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയും രംഗത്തെത്തി. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ പാർട്ടി മരിയാ ദാസ‌് കുടുംബ സഹായ ഫണ്ട് (5.5 ലക്ഷം രൂപ) മക്കളുടെ പേരിൽ ബാങ്ക് നിക്ഷേപമായി കൈമാറി. മരിയാ ദാസിന്റെ മക്കളുടെ പഠനചെലവുകളും പാർട്ടി ഏറ്റെടുത്തു. മകൾ ഇപ്പോൾ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയും, മകൻ പ്ലസ് വൺ വിദ്യാർഥിയുമാണ്. നടുക്കുന്ന ഓർമ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ലെങ്കിലും, പിതാവിന്റെ ഘാതകർക്ക് പരമാവധി ശിക്ഷ കിട്ടിയതിൽ ഇരുവർക്കും സന്തോഷമുണ്ട‌്. ഇരുവരുടേയും പഠനച്ചെലവ് എത്രയായാലും അത് വഹിക്കാൻ പാർട്ടി സന്നദ്ധമാണെന്ന് സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top