20 August Tuesday

സാന്ത്വന പരിചരണരം​ഗത്തെ നാലാം വർഷം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
കിളിമാനൂർ
പാലിയേറ്റീവ് കെയർ കിടപ്പുരോ​ഗികൾക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ സൗകര്യമുള്ള ആസ്ഥാനമുണ്ടാക്കാനുള്ള തീരുമാനവുമായി കെ എം ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ‌് പാലിയ‌േറ്റീവ് കെയർ സൊസൈറ്റി നാലാം വർഷത്തിലേക്ക്. സാന്ത്വന പരിചരണരം​ഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം കാരുണ്യഭവനപദ്ധതി, ഭാവി പഠനത്തിനൊരു കൈത്താങ്ങ്, സൗജന്യ ആംബുലൻസ് സേവനം, പാലിയേറ്റീവ് കെയർ പരിശീലന കോഴ്സ് തുടങ്ങി വിവിധ മേഖലകളിൽ സൊസൈറ്റി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം അഡ്വ. മടവൂർ അനിലിന്റെ നേതൃത്വത്തിലാണ് സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. അഞ്ഞൂറിലധികം അം​ഗങ്ങൾ സൊസൈറ്റിയുടെ സജീവ അം​ഗങ്ങളായി നിലവിലുണ്ട്. സൊസൈറ്റിയുടെ കാരുണ്യ ഭവന പദ്ധതിയുടെ ഭാ​ഗമായി നിർധനരായ രണ്ടുപേർക്കുള്ള ഭവന നിർമാണം പുരോ​ഗമിക്കുകയാണ്. അവയവ ദാനത്തിനും രക്തദാനത്തിനും തയ്യാറാകുന്നവരുടെ സേവനം ഉപയോഗിക്കുവാനുള്ള സംവിധാനം, പഠന സഹായ പദ്ധതിയിൽ കൂടുതൽ കുട്ടികൾക്ക് സഹായങ്ങൾ എത്തിക്കാനുള്ള നടപടികൾ, വൃക്കരോ​ഗികൾ, ക്യാൻസർ രോ​ഗികൾ എന്നിവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള ഇടപെടലുകൾ, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ എന്നിവയാണ് നാലാം വർഷത്തിൽ സൊസൈറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ള പ്രവർത്തനങ്ങൾ. സൊസൈറ്റിയുടെ നാലാമത് ജനറൽ ബോഡിയോ​ഗം രാജാരവിവർമ ആർട്ട് ​ഗ്യാലറിയിൽ നടന്നു. പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ അധ്യക്ഷനായി. സെക്രട്ടറി എം ഷാജഹാൻ, ട്രഷറർ എസ് രഘുനാഥൻ, അഡ്വ. എസ് ജയചന്ദ്രൻ, എ പി രാമകൃഷ്ണൻ, അഡ്വ. ജി രാജു, ഇ ഷാജഹാൻ, എം സത്യശീലൻ, എസ് അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഡി സ്മിത സ്വാ​ഗതവും എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top