16 May Monday
മ്യൂസിയം വളപ്പിൽ ഭിന്നശേഷി സൗഹൃദ പാർക്ക്‌ തുറന്നു

പാറിക്കളിക്കാം പരിമിതികളില്ലാതെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022
തിരുവനന്തപുരം 
ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ തടസ്സങ്ങളില്ലാതെ കളിക്കാനായി മ്യൂസിയം വളപ്പിൽ ഭിന്നശേഷി സൗഹൃദ പാർക്ക്‌ തുറന്നു. സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പാർക്ക്‌ തുറന്നുകൊടുത്തു. ഭിന്നശേഷി കുട്ടികൾക്ക്‌ ചിറകുകൾ നൽകാനും അതുവഴി അവർക്ക്‌ സ്വയം പര്യാപ്‌തതയുടെ ആകാശം തുറന്നുകൊടുക്കാനുമാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. ഭിന്നശേഷി സഹോദരങ്ങൾക്ക്‌ എല്ലാ മേഖലകളും പ്രാപ്യമാക്കുക എന്നതാണ്‌ സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 
     സാമൂഹ്യ നീതി വകുപ്പ്‌ ബാരിയർ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായാണ്‌ ഭിന്നശേഷി സൗഹൃദ പാർക്ക്‌ നിർമിച്ചത്‌. 
ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ ശാരീരിക–- മാനസിക ഉല്ലാസത്തിന്‌ അനുയോജ്യമാകുംവിധമാണ്‌ പാർക്കിന്റെ നിർമാണം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സെൻസർ ഗാർഡനും ഒരുക്കിയിട്ടുണ്ട്‌. നടപ്പാതയിൽ കല്ലുകളും ടൈലുകളും പ്രത്യേക ക്രമത്തിൽ പതിപ്പിച്ചാണ്‌ ഗാർഡൻ ഒരുക്കിയത്‌. ഇരിപ്പിടങ്ങൾക്കരികെ ചക്രക്കസേര നിർത്താനും സംവിധാനമുണ്ട്‌. കലാപ്രകടനങ്ങൾക്കായി മിനി സ്‌റ്റേജും സജ്ജീകരിച്ചിട്ടുണ്ട്‌. 
 30 ലക്ഷം രൂപ ചെലവിൽ കോസ്റ്റ്‌ ഫോർഡാണ്‌ നിർമാണച്ചുമതല നിർവ്വഹിച്ചത്‌.    വി കെ പ്രശാന്ത്‌ എംഎൽഎ അധ്യക്ഷനായി. മ്യൂസിയം–-തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ, സാമൂഹ്യനീതി വകുപ്പ്‌ ഡയറക്‌ടർ എം അഞ്‌ജന, മ്യൂസിയം ഡയറക്‌ടർ എസ്‌ അബു, പി ബി സാജൻ, ഡി ജേക്കബ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top