22 March Friday

പൂവായ പൂവെല്ലാം വിരുന്നെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
തിരുവനന്തപുരം > എന്നും അനന്തപുരിയെ നിറച്ചാർത്തണിയിക്കാൻ  പൂവായ പൂവെല്ലാം വിരുന്നെത്തിയ അപൂർവ ചാരുതയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ വസന്തനഗരിയായി തലസ്ഥാനം. പതിനായിരക്കണക്കിനു വർണപ്പൂക്കൾ വസന്തം തീർത്ത മനംകുളിർപ്പിക്കും കാഴ‌്ചകൾ ആസ്വദിക്കാൻ ശനിയാഴ‌്ചമുതൽ അവസരം.  
സസ്യലോകത്തെ അത്യപൂർവ സുന്ദരക്കാഴ‌്ചയൊരുക്കി ഇത്തവണ കൂടുതൽ പൂക്കളും കൂടുതൽ ചെടികളും വസന്തനഗരിയിൽ ആസ്വാദകരെ കാത്തിരിക്കുന്നു‌. 
കനകക്കുന്നിന്റെ പ്രവേശനകവാടംമുതൽ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്ന‌് വർണക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുംവിധമാണ‌് പൂച്ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന വനം –- വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോർട്ടികോർപ്പിന്റെ തേൻകൂട്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കിയ ജലസസ്യ പ്രദർശനം, ടെറേറിയം, കാവുകളുടെ നേർക്കാഴ്ച തുടങ്ങിയവയും  ശ്രദ്ദേയമാണ‌്. 
ജൈവവളങ്ങൾ, വിവിധ കാർഷിക ഉപകരണങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ തുടങ്ങിയവ കൃഷിവകുപ്പിന്റെ സ്റ്റാളിൽനിന്ന‌് വാങ്ങാം. 
കിർത്താഡ്‌സ്, ഐടിഡിപി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പാരമ്പര്യ ദ്രാവിഡ വംശീയ ചികിത്സാ കേന്ദ്രവും മേളയുടെ ശ്രദ്ധേയ കേന്ദ്രമാണ്. നാല് പാരമ്പര്യവൈദ്യന്മാർ മേള അവസാനിക്കുന്ന 20 വരെ  ചികിത്സ നൽകും. കൊതിയൂറുന്ന ഭക്ഷ്യമേള സ്റ്റാളുകളും നിരവധിയുണ്ട്.  നിബിഡവനത്തിന്റെ വന്യ പ്രതീതി സൃഷ്ടിച്ചുള്ള വനംവകുപ്പിന്റെ സ്റ്റാളുമുണ്ട‌്.  ആന, കാട്ടുപോത്ത്, മാൻ, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസ്സുറ്റ രൂപങ്ങൾകൊണ്ട‌് വിസ്മയം തീർക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാൾ.
പ്രവേശനം
അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക‌് ടിക്കറ്റ് വേണ്ട. അഞ്ചുമുതൽ 12 വരെ പ്രായമുള്ളവർക്ക് 20ഉം 12നുമേൽ പ്രായമുള്ളവർക്ക് 50 രൂപയുമാണ‌് ടിക്കറ്റ് നിരക്ക്. കനകക്കുന്നിന്റെ പ്രവേശനകവാടത്തിനു സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളിൽനിന്ന‌് ടിക്കറ്റുകൾ ലഭിക്കും.  ബാങ്കിന്റെ നഗരത്തിലെ ഒമ്പത‌് ശാഖ മുഖേനയും ടിക്കറ്റ് ലഭിക്കും.
പ്രധാന വാർത്തകൾ
 Top