തിരുവനന്തപുരം
ചാക്ക മേൽപ്പാലം ഡിസംബറിൽ തുറക്കുന്നതോടെ അവസാനിക്കുന്നത് ജനങ്ങളെ മണിക്കൂറോളം വലച്ച ഗതാഗതക്കുരുക്ക്. എൽഡിഎഫ് സർക്കാരിന്റെ നിരന്തര ഇടപെടലാണ് കഴക്കൂട്ടം–-- കാരോട് ബൈപാസിന്റെ ഭാഗമായുള്ള ചാക്ക മേൽപ്പാല നിർമാണത്തിനുപിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് നിർമാണത്തിന് അനൂകുല തീരുമാനമുണ്ടാകുന്നത്. 2017 അവസാനത്തോടെ തുടങ്ങിയ നിർമാണം രണ്ട് വർഷത്തിനുള്ളിലാണ് പൂർത്തിയാകുന്നത്.
ചാക്ക റെയിൽവേ മേൽപ്പാലത്തിൽനിന്ന് തുടങ്ങി അനന്തപുരി ആശുപത്രിവരെ 1050 മീറ്ററാണ് നീളം. പഴയ മേൽപ്പാലത്തിൽനിന്ന് ചാക്ക ജങ്ഷനിലേക്ക് പോകാനുള്ള റോഡും ഇതിനോടൊപ്പം നിർമിച്ചിട്ടുണ്ട്. ഇരുഭാഗത്തുമുള്ള സർവീസ് റോഡുകളുടെ പണി പുരോഗമിക്കുകയാണ്. തൂണുകളുടെ പണികൾ പൂർത്തിയായി.
പ്രധാന പാലത്തിന്റെ ടാറിങ് പകുതി പൂർത്തിയായി. അവസാന അടുക്ക് ടാറിങ്ങും മറ്റ് അവസാനഘട്ട മിനുക്കുപണികളും രണ്ട് സ്ലാബുകളുടെ നിർമാണവുമാണ് ഇനി ബാക്കിയുള്ളത്. തെരുവുവിളക്കുകളും വൈകാതെ സ്ഥാപിക്കും. ഫ്ലൈഓവർ പൂർത്തിയാകുന്നതോടെ ചാക്ക, ഈഞ്ചയ്ക്കൽ ജങ്ഷനുകളിലെ തിരക്ക് ഒഴിവാകും. എയർപോർട്ടിലേക്ക് ഗതാഗത തടസ്സമില്ലാതെ പോകാനും സാധിക്കും.
ബൈപാസിലെ വാഹനങ്ങൾ മേൽപ്പാലം വഴി പോകുന്നതോടെ തിരുവനന്തപുരത്തുനിന്ന് ശംഖുംമുഖം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് കുരുക്കില്ലാതെ കടന്നുപോകും. 143 കോടിയാണ് മേൽപ്പാല നിർമാണത്തിന്റെ ചെലവ്.
ഒക്ടോബറിൽ പൂർത്തിയാകേണ്ടിയിരുന്ന പാലത്തിന്റെ നിർമാണം പ്രതികൂല കാലാവസ്ഥ കാരണമാണ് വൈകിയത്. ചാക്ക മേൽപ്പാലം വരുന്നതോടെ ഈഞ്ചയ്ക്കലിലെ ഗതാഗതപ്രശ്നം രൂക്ഷമാകുമെന്ന പരാതിയുമുയരുന്നുണ്ട്. ഈഞ്ചയ്ക്കലിൽ നിർമിക്കാൻ തീരുമാനിച്ചിരുന്ന അടിപ്പാത ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചിരുന്നു.