05 December Thursday
റോഡിൽ ജാഗ്രത വേണം

മരണം 413 കഴിഞ്ഞു

സ്വന്തം ലേഖകൻUpdated: Monday Nov 11, 2019
തിരുവനന്തപുരം
ഒമ്പതുമാസത്തിനുള്ളിൽ ജില്ലയിലെ റോഡുകളിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 413 കഴിഞ്ഞതായി ജില്ലാ പൊലീസിന്റെ രേഖകൾ. ജനുവരി ഒന്നുമുതൽ സെപ്‌തംബർ 30വരെയുള്ള കണക്ക്‌ പ്രകാരം തിരുവനന്തപുരം നഗരത്തിൽ 1508 വാഹനാപകടങ്ങളിൽ 150 പേരും ഗ്രാമപ്രദേശങ്ങളിൽ 2498 വാഹനാപകടങ്ങളിൽ 263 പേരും മരിച്ചു. 3745 പേർക്ക്‌ ഗുരുതര പരിക്കും 723 പേർക്ക്‌ ചെറിയ പരിക്കും സംഭവിച്ചു. സംസ്ഥാനത്ത്‌ കൂടുതൽ മരണം സംഭവിക്കുന്ന ജില്ലയായി തിരുവനന്തപുരം തുടരുകയാണ്‌. ഗതാഗത നിയമങ്ങൾ പാലിക്കാതെയുള്ള വാഹനങ്ങളുടെ ചീറിപ്പായലും രാത്രി ഏറെ വൈകിയുള്ള സഞ്ചാരവും പലപ്പോഴും മരണത്തിലേക്ക്‌ എത്തുന്നുവെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 
കഴിഞ്ഞ വർഷത്തെക്കാൾ വാഹനാപകടം കുറഞ്ഞെങ്കിലും 2019  സെപ്‌തംബർ 30 വരെയുള്ള കണക്ക്‌ പ്രകാരം ജില്ലയിലെ നിരക്ക്‌ വർധിച്ചിട്ടുണ്ട്‌. 
 
2018ൽ സെപ്‌തംബർ 30വരെയുള്ള കണക്കനുസരിച്ച്‌ ജില്ലയിൽ 4261 വാഹനാപകടങ്ങളിൽ 395 പേർ മരിച്ചു. 3929 പേർക്ക്‌ ഗുരുതര പരിക്കും 1067 പേർക്ക്‌ ചെറിയ പരിക്കുമേറ്റു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം 255 വാഹനാപകടം കുറഞ്ഞെങ്കിലും മരണ നിരക്ക്‌ 18 എണ്ണം കൂടി. നഗരത്തിൽ 1833 അപകടത്തിൽ 142 മരണവും ഗ്രാമങ്ങളിൽ 2498 അപകടത്തിൽ 253 മരണവുമാണ്‌ കഴിഞ്ഞവർഷം നടന്നത്‌. 2019 സെപ്‌തംബർ 30 വരെ സംസ്ഥാനത്ത്‌ ആകെ 30783 വാഹനാപകടങ്ങളിൽ 3375 പേരാണ്‌ മരിച്ചത്‌. 24,500 പേർക്ക്‌ ഗുരുതര പരിക്കും 9961 പേർക്ക്‌ ചെറിയ പരിക്കും സംഭവിച്ചു.
പ്രധാന വാർത്തകൾ
 Top