15 November Friday
1573.89 കോടിയുടെ പദ്ധതികൾ കൂടി പരിഗണനയിൽ

കിഫ്‌ബി തന്നത്‌ 3162.70 കോടി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019
തിരുവനന്തപുരം 
കിഫ്‌ബി തട്ടിപ്പാണെന്ന്‌ പ്രചരിപ്പിക്കുന്ന യുഡിഎഫ്‌ നേതാക്കളും എംഎൽഎമാരും അറിയാൻ. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും കിഫ്‌ബി മുഖേന അനുവദിച്ചത്‌ 3162.70 കോടി രൂപയുടെ പദ്ധതികൾ. സ്വന്തം മണ്ഡലത്തിന്‌ കിഫ്‌ബി മുഖേന ലഭിച്ച പദ്ധതികൾപോലും മറച്ചുവച്ചാണ്‌ യുഡിഎഫ്‌ ജനപ്രതിനിധികൾ ജനങ്ങളെ കബളിപ്പിക്കുന്നത്. 
ജില്ലയിൽ 67 പദ്ധതിക്കാണ്‌ ഇത്രയുംതുക അനുവദിച്ചതെന്ന്‌ വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നു.
 
തലസ്ഥാനജില്ലയുടെ സമഗ്ര അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം ജനക്ഷേമത്തിനായി സേവനമേഖലകളിലടക്കം വൻപദ്ധതികളാണ്‌ കിഫ്‌ബി ഫണ്ടിൽ യാഥാർഥ്യമാകുന്നത്‌. എൽഡിഎഫ്‌ എംഎൽഎമാരുള്ള വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്‌, നെടുമങ്ങാട്‌, വാമനപുരം, കഴക്കൂട്ടം, പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങൾക്കൊപ്പം തുല്യ പ്രാധാന്യത്തിൽതന്നെ യുഡിഎഫ്‌ ജയിച്ച വട്ടിയൂർക്കാവ്‌, തിരുവനന്തപുരം, കോവളം, അരുവിക്കര എന്നീ നിയോജകമണ്ഡലത്തിലും ബിജെപി എംഎൽഎ പ്രതിനിധാനം ചെയ്യുന്ന നേമത്തും വൻവികസനപദ്ധതികൾക്കാണ്‌ കിഫ്‌ബിയിൽ തുക അനുവദിച്ചിരിക്കുന്നത്‌.
 
തിരുവനന്തപുരം മെഡിക്കൽ കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്താൻ  നിരവധി പദ്ധതികൾക്കാണ്‌ കിഫ്‌ബി അനുമതി നൽകിയിട്ടുള്ളത്‌. ആദ്യഘട്ടമായി 58 കോടി രൂപ അനുവദിച്ചു.  കഴക്കൂട്ടം മണ്ഡലത്തിലെ ടെക്‌നോസിറ്റി കെട്ടിടത്തിന്‌ 100 കോടി രൂപ  നൽകിയിരിക്കുന്നു. വട്ടിയൂർക്കാവ്‌ മണ്ഡലത്തിലെ പട്ടം ഫ്‌ളൈഓവറിന്‌ 84. 61 കോടി രൂപയുടെ ഭരണാനുമതി നൽകി. വട്ടിയൂർക്കാവ്‌ ജങ്‌ഷൻ വികസനത്തിന്‌ 95 കോടി രൂപയാണ്‌ ആദ്യഘട്ടമായി അനുവദിച്ചിട്ടുള്ളത്‌. കരമന–- കളിയിക്കാവിള പാത വികസനത്തിന്റെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ വാഴമുട്ടം വരെയുള്ള ഭാഗത്തിന്റെ  വികസനത്തിന്‌ കേരള റോഡ്‌ ഫണ്ട്‌ ബോഡിന്‌ 162. 46 കോടി രൂപയാണ്‌ അനുവദിച്ചത്. പദ്ധതി ആരംഭിക്കുകയും ചെയ്‌തു.
 
ഉള്ളൂരിൽ ഫ്‌ളൈ ഓവറിന്‌ 52. 68 കോടി അനുവിച്ചു. ശ്രീകാര്യത്ത്‌ ഫ്‌ളൈ ഓവറിന്‌ 133.37 കോടി രൂപയുടെ ഭരണാനുമതി നൽകി. കടൽഭിത്തി നിർമാണത്തിനും തീരസംരക്ഷണത്തിനുമായി വിവിധ മണ്ഡലങ്ങളിലായി 46. 94 കോടിയുടെ പദ്ധതികളുണ്ട്‌. അരുവിക്കര മണ്ഡലത്തിൽ വിവിധ റോഡുകൾക്ക്‌ 100 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക്‌ അനുമതിയുണ്ട്‌. തിരുവനന്തപുരം മണ്ഡലത്തിൽ കുടിവെള്ള വിതരണത്തിന്റെ ആധുനികവൽക്കരണത്തിനു മാത്രം 206 കോടിയുടെ പദ്ധതികൾക്കാണ്‌ അനുമതി നൽകിയിട്ടുള്ളത്‌. നേമത്ത്‌ രജിസ്‌ട്രേഷൻ കോംപ്ലക്‌സിന്‌ 21. 60 കോടി, തീരസംരക്ഷണത്തിനു മാത്രം നേമം മണ്ഡലത്തിൽ 17. 80 കോടി അനുവദിച്ചിട്ടുണ്ട്‌.  14 മണ്ഡലത്തിലും കുറഞ്ഞത്‌ 200 കോടിയുടെ വികസനപദ്ധതികളാണ്‌ കിഫ്‌ബി വഴി നടപ്പാക്കുന്നത്‌.  പകുതിയിലേറെ പദ്ധതികളും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിനിൽക്കുകയാണ്‌.
 
 കൂടാതെ ജില്ലയ്‌ക്ക്‌ 1573.89 കോടിയുടെ പദ്ധതികൾകൂടി കിഫ്‌ബിയുടെ പരിഗണനയിലാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top