20 November Wednesday

ബിജെപി ഭരിക്കുന്ന വെങ്ങാനൂർ പഞ്ചായത്തിൽ അമൃതംപൊടി വിതരണത്തിലും അഴിമതി: അന്വേഷണം വേണമെന്ന്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019
കോവളം > വെങ്ങാനൂർ പഞ്ചായത്തിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം കോവളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും നൽകുന്ന അമൃതം പൊടി അടക്കമുള്ള പോഷകാഹാര വിതരണത്തിൽ വ്യാപകമായ അഴിമതി നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരിക്കുകയാണ്. അങ്കണവാടി ജീവനക്കാരെക്കൊണ്ട് കൃത്രിമ രേഖകളുണ്ടാക്കാൻ തീവ്രശ്രമം നടക്കുകയാണിപ്പോൾ. രേഖകൾ തിരുത്താനായി അങ്കണവാടി ജീവനക്കാരെ ആർഎസ്എസ് സങ്കേതത്തിൽ വിളിച്ചുവരുത്തി രഹസ്യയോഗം ചേരാനുള്ള ശ്രമം പഞ്ചായത്തിലെ ഇടതുപക്ഷ അംഗങ്ങൾ പരാജയപ്പെടുത്തിയിരുന്നു.    ഓരോ കാരണം പറഞ്ഞ് അർഹതപ്പെട്ടവരെ ഒഴിവാക്കുന്ന സമീപനമാണ് ബിജെപി ഭരണസമിതി തുടരുന്നത്. നാലു ഗഡുവായി പണം നൽകി പണി പൂർത്തിയാക്കേണ്ട സ്ഥാനത്ത് ഒന്നും രണ്ടു ഗഡുക്കൾ മാത്രം പണം ലഭിച്ചവരാണ്‌ അധികവും. കടം വാങ്ങി പണിപൂർത്തിയാക്കിയവർ കടം വീട്ടാനാകാതെ ബുദ്ധിമുട്ടുകയാണ്.
 
പഞ്ചായത്തിൽ കെപ്കോയുടെ കോഴിക്കുഞ്ഞ് വിതരണ പദ്ധതിയും അട്ടിമറിച്ചു. കൂട്  നിർമിച്ച് നാല് വർഷമായി കാത്തിരിക്കുന്നവർക്ക് ഇതുവരെ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിട്ടില്ല. ചില വാർഡുകളിൽ കൂട് നിർമാണം പോലും നടന്നിട്ടില്ല. എന്നാൽ, ചില ബിജെപി അംഗങ്ങളുടെ വാർഡുകളിൽ പദ്ധതി പൂർത്തിയാക്കി. പഞ്ചായത്തിലെ ബിജെപി ഭരണസമിതി ഏറ്റവുമധികം വഞ്ചിച്ചിരിക്കുന്നത് ക്ഷീരകർഷകരെയാണ്. 25ശതമാനം സബ്സിഡി നൽകുമെന്ന് ഉറപ്പുനൽകി കർഷരെക്കൊണ്ട് ഓരോ ലക്ഷം വീതം വായ്പയെടുപ്പിച്ചു. ഇപ്പോൾ സബ്സിഡി ലഭിച്ചില്ലന്നു മാത്രമല്ല കർഷകരെല്ലാം ജപ്തി ഭീഷണി നേരിടുകയാണ്.
 
ബിജെപി ഭരണസമിതി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരു പദ്ധതിയായിരുന്നു പനങ്ങോടുമുതൽ  അമരിവിളവരെയുള്ള റോഡ് നവീകരണം. രണ്ട് കോടിയോളം അടങ്കൽ തുകയുള്ള റോഡ് നവീകരണം അഴിമതിയുടെ കൂത്തരങ്ങായി മാറി. ബിജെപി അംഗങ്ങളെല്ലാം ഈ അഴിമതിയിൽ പങ്കാളികളാണെന്നാണ് നാട്ടുകാരുടെ ആരോപണം. പുന്നവിളയിലെ പാലം നിർമാണം മതിയായ അളവിലുള്ള കമ്പിയും സിമന്റും ഉപയോഗിക്കാത്തതിനാൽ മാസങ്ങളായി നാട്ടുകാർ നിർത്തിവയ്പിച്ചിരിക്കുകയാണ്. വെങ്ങാനൂർ പഞ്ചായത്തിലെ ഈ "പഞ്ചവടിപ്പാലത്തിന്റെ’ നിർമാണത്തിലെ വൻ അഴിമതി അന്വേഷിക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുകയാണ്‌. അഴിമതിയിൽ മുങ്ങിക്കുളിച്ച വെങ്ങാനൂർ ബിജെപി ഭരണത്തിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ്‌ ഹരികുമാർ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top