14 October Monday

പൗഡിക്കോണത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻUpdated: Sunday Aug 11, 2024

പൗഡിക്കോണം സൊസൈറ്റി ജങ്ഷനിൽ ജോയിയെ വെട്ടിക്കൊന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുന്നു

കഴക്കൂട്ടം 
പൗഡിക്കോണത്ത് മൂന്നംഗ സംഘത്തിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. കേരളാദിത്യപുരം വിഷ്ണു നഗറിൽ വാടകയ്ക്ക് താമസിക്കുന്ന (കുറ്റ്യാണി ജോളി ഭവനിൽ) എം എസ് ജോയി (38,  വെട്ടുകത്തി ജോയി) ആണ് മരിച്ചത്. വെള്ളി രാത്രി 8.30 ഓടെയായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവറായ ജോയി പൗഡിക്കോണം സൊസൈറ്റിമുക്കിനുസമീപം ഓട്ടോയ്ക്കരികില്‍  നിൽക്കുമ്പോൾ മൂന്നുപേർ വടിവാളുപയോഗിച്ച് കാലിനും കൈക്കും വെട്ടുകയായിരുന്നു. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങി രക്തം വാർന്ന് റോഡിൽ കിടന്ന ജാേയിയെ ശ്രീകാര്യം പൊലീസാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ശനി പുലർച്ചെ രണ്ടോടെ മരിച്ചു. കാപ്പ കേസിൽ അറസ്റ്റിലായിരുന്ന ജോയി മൂന്നുദിവസംമുമ്പാണ്‌ ജയിലിൽനിന്ന്‌ ഇറങ്ങിയത്. വട്ടപ്പാറ, പോത്തൻകോട് സ്റ്റേഷനുകളിൽ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്  ഇയാ ൾ. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം പകൽ 3.30 ഓടെ സഹോദരി ജോളിയുടെ വീടായ പന്തലക്കോട് കുറ്റിയാണി ജോളി ഭവനിൽ എത്തിച്ചു. സംസ്കാരം നടത്തി. ഭാര്യ: രജീഷ. വിദ്യാർഥികളായ അന്ന, അനന്യ എന്നിവരാണ് മക്കൾ.
പിന്നിൽ വ്യക്തിവൈരാഗ്യം
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. നീല കാറിലെത്തിയ മൂന്നുപേരാണ് ആക്രമിച്ചതെന്നും ഇവരെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. അക്രമികൾ സഞ്ചരിച്ച നീല സെലേറിയോ കാർ വാടകയ്ക്ക് എടുത്തുകൊടുത്ത വെ ഞ്ഞാറമൂട് സ്വദേശിയെ  പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കുറ്റ്യാണി സ്വദേശികളായ സജീർ, അൻഷാദ്, അൻവർ ഹുസൈൻ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. 
മുമ്പ്‌ ജോയി ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിനുശേഷം കാപ്പ നിയമപ്രകാരം ജോയിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.  പുറത്തിറങ്ങിയശേഷം ഓട്ടോ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാർ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഫോറൻസിക് വിഭാഗം പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top