14 August Friday

മാറനല്ലൂർ പഞ്ചായത്തിലെ അഴിമതി അന്വേഷിക്കണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
കാട്ടാക്കട
മാറനല്ലൂർ പഞ്ചായത്തിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ് -–- ബിജെപി കൂട്ടുകെട്ട് നടത്തുന്ന അഴിമതി അന്വേഷിക്കണമെന്ന് എൽഡിഎഫ് പഞ്ചായത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 15 സ്ഥലത്ത് മിനി മാസ്റ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കാതെ രഹസ്യമായി ഉയർന്ന തുകയ്‌ക്ക്‌ വർക്ക്‌ ഓർഡർ നൽകിയിരിക്കുകയാണ്‌. 1,49,223 രൂപയ്‌ക്കാണ്‌ വർക്ക്‌ ഓർഡർ നൽകിയത്‌. 
 
സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെഇഎൽ 1,24,900 രൂപയുടെ ക്വട്ടേഷനുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും പഞ്ചായത്ത്‌ കമ്മിറ്റി ചർച്ച പോലും ചെയ്‌തില്ല. ക്വട്ടേഷനും കെൽ അയച്ച ഇ–-മെയിൽ സന്ദേശവും പൂഴ്‌ത്തിവയ്‌ക്കുകയും ചെയ്‌തു. തുടർന്ന്‌ ഉയർന്ന തുകയ്‌ക്ക്‌ വർക്ക് ഓർഡർ നൽകി. പഞ്ചായത്ത് മിനിട്സിൽ യോഗതീരുമാനമെന്ന നിലയിൽ വ്യാജമായി എഴുതിച്ചേർക്കുകയും ചെയ്‌തു. ഇതിലെ അഴിമതി ചൂണ്ടിക്കാണിച്ച്‌ ഭരണമിതി യോഗത്തിൽ നാല് എൽഡിഎഫ് അംഗങ്ങൾ  വിയോജനം രേഖപ്പെടുത്തി. 
 
കോൺഗ്രസുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഷറഫും  ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി. ഈ അഴിമതിയെ കുറിച്ച്‌ ശക്തമായ അന്വേഷണം വേണമെന്നും ഞായറാഴ്ച വൈകിട്ട്‌ 5  മുതൽ 6 വരെ പഞ്ചായത്തിലെ 21 വാർഡ് കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് മാറനല്ലൂർ പഞ്ചായത്ത് കൺവീനർ എ സുരേഷ് കുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി എസ് പ്രഷീദ്, ടി തങ്കരാജ്, സിപിഐ പഞ്ചായത്ത് സെക്രട്ടറി സജികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top