22 August Thursday

ജഗദമ്മ അറിഞ്ഞു, പൊലീസിന്റെ ‘മനുഷ്യപ്പറ്റ‌്’

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

ജഗദമ്മയെ പൊലീസ്‌ സഹായത്തോടെ ആശുപത്രിയിലേക്ക്‌ മാറ്റുന്നു

കോവളം 

ജനമൈത്രി പൊലീസിന്റെ ഇടപെടലിൽ ഒറ്റമുറിയിലെ ഏകാന്തവാസത്തിൽനിന്ന‌് എഴുപത്തിരണ്ടുകാരിയായ ജഗദമ്മയ്ക്ക് മോചനം. കോവളം ജനമൈത്രി പൊലീസിന്റെ ഭവനസന്ദർശനമാണ‌് മോചനത്തിന‌് വഴിതുറന്നത‌്. കോവളം വയ്ക്കോൽക്കുളത്തിനു സമീപം നടുക്കല്ല് വീട്ടിൽ ജഗദമ്മ (72)യെയാണ് പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചത്. വൃത്തിഹീനമായ മുറിയിൽ വിവസ്ത്രയായി കഴിഞ്ഞ ഇവരെ ജനമൈത്രി പൊലീസിന്റെ വനിതാ വിഭാഗത്തിന്റെ ഭവന സന്ദർശനത്തിനിടെയാണ് കണ്ടെത്തിയത്. വർഷങ്ങൾക്കു മുമ്പുതന്നെ ഭർത്താവ് ഉപേക്ഷിച്ചുപോയ ഇവർക്ക് മക്കളില്ല. തൊട്ടടുത്തു തന്നെ മറ്റു ബന്ധുക്കൾ താമസിക്കുന്നുണ്ട്. ഇവർ ഭക്ഷണം നൽകാറുണ്ടെന്ന് പറയുന്നു. പൊലീസ് ഇവരെ സമീപിച്ചപ്പോൾ അടുത്ത ദിവസംതന്നെ ആ മുറിയിൽനിന്നു മാറ്റാമെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. അടുത്തദിവസം എത്തുമ്പോഴും വൃത്തിഹീനമായ മുറിയിൽ തന്നെ അവർ കഴിയുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരെ പുറത്തിറക്കി കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചശേഷം ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലമുടി ജഡ കെട്ടിയ നിലയിലായിരുന്നു. കോവളം സ്റ്റേഷനിലെ എഎസ് ഐ അശോകൻ, എസ് സിപിഒ ഷിബുനാഥ് എന്നിവർ ജനമൈത്രി പൊലീസിനു വേണ്ടി നടത്തിയ വിവരശേഖരണത്തിനിടെയാണ് ഇവരെ കണ്ടെത്തിയത്. എസ്ഐ രതീഷ് കുമാർ, വനിതാ സിപിഒ പ്രീതാലക്ഷ്മി, സിപിഒ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രധാന വാർത്തകൾ
 Top