13 June Sunday

ഇനിയവർ കോർപറേഷന്റെ 
സ്‌നേഹത്തണലിൽ

സ്വന്തം ലേഖകൻUpdated: Tuesday May 11, 2021

സുരക്ഷിത കരങ്ങളിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ അലഞ്ഞ് തിരിയുന്നവരെ കോർപറേഷൻ അധികൃതർ ചാല സ്കൂളിലെ 
ക്യാമ്പിലേക്ക് മാറ്റുന്നു

 
തിരുവനന്തപുരം
‘മഹാമാരി’യിൽനിന്ന്‌ തെരുവിൽ കഴിയുന്നവരെയും യാചകരെയും രക്ഷപ്പെടുത്താൻ തിരുവനന്തപുരം നഗരസഭ. കോവിഡ്‌കാലത്ത്‌ ഇവരെ പുനരധിവസിപ്പിച്ചാണ്‌ നഗരസഭ സ്‌നേഹത്തണലാകുന്നത്‌.
അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലാണ്‌ പുരധിവസിപ്പിച്ചത്‌. താമസസൗകര്യത്തിനു പുറമെ ഭക്ഷണം ഉൾപ്പെടെ കോർപറേഷൻ നൽകും.
 ചൊവ്വാഴ്‌ച കോവിഡ്‌ പരിശോധന നടത്തും. പോസിറ്റാവാകുന്നവരെ ഇവിടെനിന്ന്‌ സിഎഫ്‌എൽടിസിയിലേക്ക്‌ മാറ്റും. മറ്റ്‌ അസുഖങ്ങളുള്ളവർക്ക്‌ ചികിത്സ ലഭ്യമാക്കും. വാക്‌സിൻ കിട്ടുന്ന മുറയ്‌ക്ക്‌ അതും നൽകും. തമ്പാനൂർ, ചെന്തിട്ട എന്നിവിടങ്ങളിൽനിന്നായി 105 പേരെയാണ്‌ സെൻട്രൽ സ്‌കൂളിലേക്ക്‌ മാറ്റിയത്‌. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡി ആർ അനിൽ, സലീം, സെക്രട്ടറി ബിനു ഫ്രാൻസിസ്‌  എന്നിവർ നേതൃത്വം നൽകി.
  ഇതേസമയം, നഗരവാസികളുടെ ജീവന്‌ കാവലായി മാറുകയാണ്‌ നഗരസഭാ കോവിഡ്‌ കൺട്രോൾ റൂം.  പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ മാത്രമല്ല ജീവൻ രക്ഷിക്കാനുമായതിന്റെ ചാരിതാർഥ്യത്തിലാണ്‌ കോർപറേഷൻ.
ചരുവിള സ്വദേശി സതീഷ്‌ കുമാർ, വലിയശാലയിലെ സുജിത്ത്‌ തമ്പി  ഉൾപ്പെടെയുള്ളവരാണ്‌ കോർപറേഷന്റെ സഹായ ഹസ്‌തം പിടിച്ച്‌ ജീവൻ തിരികെ പിടിച്ചവർ. ഇതുവരെ 14000ൽ അധികം കോളുകൾ കൺട്രോൾ റൂം കോൾ സെന്റർ കൈകാര്യം ചെയ്‌തു. 
തിങ്കളാഴ്‌ചമാത്രം 491 പേരാണ്‌ കൺട്രോൾ റൂമിൽ വിളിച്ചത്‌. ഇതിൽ 321 പേർ വൈദ്യ സഹായത്തിനും 118 പേർ ഭക്ഷണത്തിനും 22 പേർ അണുനശീകരണത്തിനും 30 പേർ യാത്രാസൗകര്യം തേടിയുമാണ്‌ വിളിച്ചത്‌. എല്ലാവർക്കും സഹായം എത്തിക്കാൻ കോർപറേഷനായി. 
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദേശപ്രകാരം മൂന്ന്‌ ആംബുലൻസിന്റെ സേവനം കൂടി സജ്ജമാക്കി. നഗരത്തിൽ അലഞ്ഞുതിരിയുന്ന യാചകരുടെ പുനരധിവാസത്തിനും നടപടി സ്വീകരിച്ചു. ഇതിനായി അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ ഏറ്റെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top