21 November Thursday

ചരിത്രം പതിപ്പിച്ച സത്യൻ ഗ്യാലറി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

സത്യൻ സ്‌മാരകത്തിലെ നവീകരിച്ച ഫോട്ടോ ഗ്യാലറി ശ്രീകുമാരൻ തമ്പി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
അനശ്വര നടൻ സത്യന്റെ ആത്മസഖി മുതൽ കരകാണാക്കടൽവരെ നീളുന്ന അഭിനയ ജീവിതത്തിന്റെ ചെറിയൊരാവിഷ്‌കാരം –- അതാണ്‌ സത്യൻ സ്‌മാരകത്തിലെ ഫോട്ടോ ഗ്യാലറി. ചലച്ചിത്രങ്ങളും പുറത്തിറങ്ങിയ വർഷവും രേഖപ്പെടുത്തിയിരിക്കുന്നതിനൊപ്പം  ചിത്രങ്ങളുടെയെല്ലാം പോസ്റ്ററുകളും ഇവിടെയുണ്ട്‌. ചെമ്മീൻ, ത്രിവേണി എന്നിവയുടെ പോസ്റ്ററുകൾ കൂട്ടത്തിൽ കളറാണ്‌. കേരള കൾച്ചറൽ ഫോറം സംഘടിപ്പിച്ച സത്യന്റെ 107–-ാം ജന്മവാർഷികാഘോഷത്തിൽ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി നവീകരിച്ച ഫോട്ടോ ഗ്യാലറി ഉദ്‌ഘാടനംചെയ്തു. 
പ്രതിച്ഛായ ഭയമില്ലാതെ എല്ലാത്തരം കഥാപാത്രങ്ങളും അഭിനയിച്ച നടനാണ്‌ സത്യനെന്ന്‌ ശ്രീകുമാരൻ തമ്പി പറഞ്ഞു. പൊതുസമ്മേളനം  വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനംചെയ്തു.  ഫോറം പ്രസിഡന്റ് ഷാജി വിൽസൺ അധ്യക്ഷനായി. ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. എം വിൻസന്റ്‌ എംഎൽഎ ശ്രീകുമാരൻ തമ്പിയെ പൊന്നാടയണിച്ച്‌ ആദരിച്ചു. ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ പേരിലുള്ള എൻഡോവ്മെന്റ് കെ ആൻസലൻ എംഎൽഎ കൈമാറി. സത്യൻ കലാമത്സരങ്ങളിൽ മികച്ച വിജയം നേടിയ സ്കൂളുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
പ്രധാന വാർത്തകൾ
 Top