19 October Saturday
വീട്‌ കിട്ടിയവർ പറയുന്നു

‘മേയർക്ക്‌ നന്ദി’

എ സുൽഫിക്കർUpdated: Thursday Oct 10, 2019

രാജുവും മിനിയും സ്വന്തം വീട്ടിൽ

തിരുവനന്തപുരം
ബുധനാഴ്‌ച മിനിയുടെയും രാജുവിന്റെയും പുതിയ വീടിന്റെ പാലുകാച്ചായിരുന്നു. തിരക്കൊഴിഞ്ഞിട്ടില്ല,  അതിഥികൾക്കും ബന്ധുക്കൾക്കുമെല്ലാം ഭക്ഷണം നൽകാനുള്ള തിരക്കിലായിരുന്നു അവർ. കഴിഞ്ഞ ഒക്‌ടോബറിലാണ്‌ കുന്നുകുഴി ബാർട്ടൺ ഹില്ലിലുള്ള വസ്‌തുവിൽ വീട്‌ നിർമിക്കാനുള്ള തുക സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ പദ്ധതി പ്രകാരം ലഭിക്കുമെന്ന്‌ അറിഞ്ഞത്‌.
 
രണ്ട്‌ പെൺമക്കളും ഒരു മകനുമുള്ള മിനിയും രാജുവും പിഎംജി ജങ്‌ഷനിൽ ചായക്കട നടത്തിയാണ്‌ നിത്യജീവിതം പുലർത്തുന്നത്‌. "സ്വന്തമായി ഒരു കൂരയെന്നത്‌ ഞങ്ങളുടെ അതിയായ ആഗ്രഹമായിരുന്നു. ഇപ്പോഴിതാ രണ്ട്‌ മുറിയും അടുക്കളയുമൊക്കെയുള്ള അടച്ചുറപ്പുള്ള ഒരു വീട്‌ കിട്ടി.  മിനിയുടെ വാക്കുകളിൽ നഗരസഭയോടും മേയർ വി കെ പ്രശാന്തിനോടും എൽഡിഎഫ്‌ സർക്കാരിനോടുമുള്ള നന്ദി പ്രകടമായിരുന്നു. 
 
അപേക്ഷ നൽകി ഒരു മാസത്തിനകം ആദ്യഗഡുവായ 40,000 രൂപ ബാങ്ക്‌ അക്കൗണ്ടിലെത്തി. തുടർന്ന്‌ പണിയുടെ കൃത്യമായ ഇടവേളയിൽ രണ്ടും  മൂന്നും ഗഡുവായ 1,600,00 രൂപ വീതം ലഭിച്ചു. ‌ഇനി അവസാനഗഡുവായ 40,000 രൂപ മാത്രമാണ്‌ ബാക്കിയുള്ളത്‌.
 
 ‘ഒരു വീടിനായി അലഞ്ഞ കാലമുണ്ട‌്. അന്നൊന്നും സാധിക്കാത്തത‌് ഇപ്പോൾ സാധിച്ചു. സ്വപ‌്നമാണ‌് യാഥാർഥ്യമായത‌്. സർക്കാരിനും നഗരസഭയ്‌ക്കും നന്ദിയുണ്ട്‌ സാറേ’. സന്തോഷം നിറഞ്ഞ കണ്ണുകളോടെ രാജു പറയുന്നു.
 
ബാർട്ടൻഹില്ലിലെ ബേബി സരോജയ്‌ക്കും പറയാനുണ്ട്‌ നല്ല വാക്കുകൾ. ‘മേയറിന്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്റെ കുഞ്ഞിന്‌ നല്ലതേ വരു’. 
 
രണ്ട്‌ പെൺമക്കളും സുഖമില്ലാതിരുന്ന ഭർത്താവുമായി ഓലമേഞ്ഞ കൂരയിലായിരുന്നു സരോജയുടെ താമസം. പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ മേയർ വി കെ പ്രശാന്ത്‌ ഇവർക്ക്‌ വീട്‌  അനുവദിച്ചത്‌. സെപ്‌തംബറിൽ ഭർത്താവ്‌ അജി മരിച്ചു. സരോജയ്‌ക്ക്‌ ആശ്വാസവുമായി നഗരസഭയും മേയറുമുണ്ടായിരുന്നു. രണ്ട്‌ നിലകളിലായി രണ്ട്‌ മുറിയും അടുക്കളയുമെല്ലാമായുള്ള വീട്ടിലാണ്‌ ഇപ്പോൾ സരോജയുടെ താമസം. പദ്ധതിയുടെ ഭാഗമായുള്ള നാല്‌ ലക്ഷം രൂപയും നഗരസഭ സരോജയ്‌ക്ക്‌ നൽകിക്കഴിഞ്ഞു. 
 
സ്വന്തമായി സ്ഥലമുള്ള ഭവനരഹിതർക്ക്‌ വീട്‌ നിർമിച്ച്‌ നൽകാനായി ചിട്ടയായ പ്രവർത്തനങ്ങളാണ്‌ മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്നത്‌. 14551 വീടുകൾക്കുള്ള ധനസഹായമാണ്‌ ഇതിനകം നഗരസഭ വിതരണം ചെയ്‌തത്‌. 5106 വീടുകളുടെ നിർമാണം പൂർത്തിയായി.  ഇതുകൂടാതെ 9027 കുടുംബങ്ങൾക്കാണ്‌ പുതുതായി വീട്‌ നിർമിക്കാനുള്ള ധനസഹായ വിതരണം പൂർത്തിയാക്കിയത്‌. ഇതിൽ 6216 പേർക്ക്‌ ഒന്നാം ഗഡുവും 4783 പേർക്ക്‌ രണ്ടാം ഗഡുവും 3365 പേർക്ക്‌ മൂന്നാം ഗഡുവും 1472 പേർക്ക്‌ നാലാം ഗഡുവും നൽകിക്കഴിഞ്ഞു. ആകെ 361 കോടി രൂപ ചെലവായ പദ്ധതിയാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top