19 October Saturday

സിന്ദൂരമാലകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന്‌ മേയർ വി കെ പ്രശാന്ത്‌ നഗരസഭയുടെ ഉപഹാരം സമ്മാനിക്കുന്നു

തിരുവനന്തപുരം

തുറന്ന ജീപ്പിൽ കുട്ടികളുടെയും കായിക താരങ്ങളുടെയും അകമ്പടിയോടെ ലോക ബാഡ്‌മിന്റൺ കീരിട ജേതാവ്‌ പി വി സിന്ധു. നഗരസഭയുടെ ഓഫീസിന്‌ മുമ്പിലെത്തിയപ്പോൾ ജീവനക്കാരുടെ അകമ്പടിയോടെ മേയർ വി കെ പ്രശാന്തിന്റെ സ്വീകരണം. സദസ്സിൽ നിന്നാകെ കയ്യടി. പ്രചാരണത്തിരക്കിനിടെയും ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ്‌ പ്രശാന്ത്‌ നഗരസഭയിലെത്തിയത്‌.

ഏങ്ങും ആവേശം. ഉത്സാഹം. ഉപതെരഞ്ഞെടുപ്പിന്റെ ഉത്സവലഹരിയിലാണ്‌ വട്ടിയൂർക്കാവ്‌. ചരിത്രസ്‌മരണകൾ ഉറങ്ങുന്ന വട്ടിയൂർക്കാവിന്റെ വഴികളിലെല്ലാം വൻ ജനാവലിയാണ്‌ വി കെ പ്രശാന്തിനെ കാണാനും ആശീർവദിക്കാനും തടിച്ചുകൂടുന്നത്‌. ഒപ്പം ചേർന്ന്‌ ഫോട്ടോ പിടിക്കാൻ കുട്ടികൾക്കിടയിൽ മത്സരം. ‘നിങ്ങൾ പൊളിക്ക്‌, ബ്രോ’യെന്ന്‌ പറഞ്ഞ്‌ പ്രചാരണത്തിന്‌ കൂടെ യുവാക്കളും. കാഞ്ഞിരംപാറയിൽ നിന്നായിരുന്നു വട്ടിയൂർക്കാവിലെ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ ബുധനാഴ്‌ചത്തെ വോട്ടഭ്യർഥനയാരംഭിച്ചത്‌. 
 
നാസിക്‌ ഡോളും ബാൻഡ്‌ മേളവുമെല്ലാമായി പ്രശാന്തിന്‌ അതിരാവിലെ ആവേശോജ്വലമായ സ്വീകരണം. സ്‌കൂൾ യൂണിഫോമും ധരിച്ച്‌ അച്ഛന്റെ ബൈക്കിലിരുന്ന്‌ സ്‌കൂളിലേക്ക്‌ പോകുകയായിരുന്ന അപർണമോളുടെ വക മേയർ ബ്രോയ്‌ക്ക്‌ ഷേക്ക്‌ ഹാന്റ്‌. തുടർന്ന്‌ മരുതംകുഴി, തുഴവൻ റോഡ്‌, അറപ്പുര, അജന്ത ലൈബ്രററി റോഡ്‌, പാരപ്പള്ളി, സ്വാഗത്‌ നഗർ, പാങ്ങോട്‌, കടയ്‌ക്കൽ റോഡ്‌, വലിയവിള എന്നിവടങ്ങളിൽ ഗൃഹസന്ദർശനം. തുടർന്ന്‌ നഗരസഭയുടെ ഓഫീസിലെത്തിയ പ്രശാന്തിനെ കാണാനായി 54 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച പാലായുടെ മാണി സി കാപ്പനെത്തി. പ്രശാന്തിനെ ഹാരമണിയിച്ച കാപ്പൻ വിജയാശംസയും നേർന്നു. 
 
പാലാ വട്ടിയൂർക്കാവിലും ആവർത്തിക്കുമെന്നും കാപ്പന്റെ വാക്ക്‌. തുടർന്ന്‌ ബെനഡിക്‌ട്‌ മാർ ഗ്രിഗോറിയോസിന്റെ 25ാം ഓർമ പെരുന്നാളിലും പ്രശാന്ത്‌ പങ്കെടുത്തു. കുടപ്പനക്കുന്ന്‌, മണ്ണാംമൂല, പേരൂർക്കട എന്നിവടങ്ങളിലും ബുധനാഴ്‌ച സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. വ്യാഴാഴ്‌ചത്തെ ഗൃഹസന്ദർശനത്തോടെ സ്ഥാനാർഥിയുടെ ആദ്യഘട്ട പ്രചാരണം അവസാനിക്കും.
പ്രധാന വാർത്തകൾ
 Top