22 October Tuesday

29 വേദിയിൽ ഒരുങ്ങുന്നു കലാസദ്യ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
തിരുവനന്തപുരം 
അയ്യായിരത്തിലേറെ കലാകാരന്മാർ. തനിമ നിറഞ്ഞ അറുപതിലധികം കലാരൂപങ്ങൾ. ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നുകളുമായി തലസ്ഥാന നഗരി ഉത്സവ ലഹരിയിലാകാൻ മണിക്കൂറുകൾ മാത്രം. ടൂറിസം വകുപ്പിന്റെ ഓണാഘോഷം ചൊവ്വാഴ്ച വൈകിട്ട്‌ ആറിന്‌ കനകക്കുന്ന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നതോടെ ആഘോഷക്കാഴ്‌ചകൾക്ക്‌ തുടക്കമാകും. 
 
മോഹിനിയാട്ടം, ഭരത്യനാട്യം, കളരിപ്പയറ്റ്‌, ചെണ്ടമേളം, പഞ്ചവാദ്യം, പഞ്ചാരിമേളം, തോറ്റംപാട്ട്‌, ഓട്ടൻതുള്ളൽ, നാടൻപാട്ട്‌, ഗസൽ, നൃത്തം, കോൽക്കളി, വിൽപ്പാട്ട്‌, സിനിമാറ്റിക്‌ ഡാൻസ്‌, തുടങ്ങി ആഘോഷപ്പെരുമയുടെ ഏഴുദിവസമാണ്‌ തലസ്ഥാന നഗരിയെ കാത്തിരിക്കുന്നത്‌. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ 29 വേദികളിലാണ്‌ വ്യത്യസ്തങ്ങളായ കലാസദ്യ. ടൊവിനോ തോമസും കീർത്തി സുരേഷും ചൊവ്വാഴ്‌ച മുഖ്യാതിഥികളാകും. കെ എസ് ചിത്രയുടെ സംഗീതനിശയുമുണ്ടാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഓണസന്ദേശം നൽകും. 16ന് കോവളം ലീല റാവിസ് ഹോട്ടലിലാണ്‌ സമാപന സമ്മേളനം. തുടർച്ചയായി വന്ന രണ്ട് പ്രകൃതി ദുരന്തങ്ങളും അതീജിവച്ച കേരളത്തെ ഒറ്റക്കെട്ടായി ‘തിരിച്ചുപിടിച്ച’ മലയാളികൾക്ക്‌ മറക്കാനാകാത്ത ഓണമാണ്‌ സംസ്ഥാന സർക്കാർ ഒരുക്കുന്നത്‌.
 
കനകക്കുന്നിന് ഊഞ്ഞാൽകാലം
ഓണാഘോഷപരിപാടികൾക്ക് കനകക്കുന്ന് വളപ്പിൽ തുടക്കം കുറിക്കുമ്പോൾ പ്രായഭേദമന്യേ ഏവർക്കും ആടിത്തിമർക്കാൻ ഊഞ്ഞാലുകൾ റെഡി. ഏവരുടെയും ഓർമകളിലെ ഓണം തിരിച്ചുകൊണ്ടുവരികയാണ്‌ ഈ ഊഞ്ഞാലുകൾ. 
 
എടുപ്പുകുതിര  
കനകക്കുന്ന് കൊട്ടാരവളപ്പിൽ ഉത്സവപ്പെരുമയുടെ തനിമ വിളിച്ചോതുന്ന എടുപ്പുകുതിരയും തയ്യാർ. അരനൂറ്റാണ്ടായി എടുപ്പുകുതിര നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ചാത്തന്നൂർ സ്വദേശി രവീന്ദ്രൻ പിള്ളയും സംഘവുമാണ് 38 അടി ഉയരമുള്ള എടുപ്പുകുതിര നിർമിച്ചത്. പഴമയുടെ പ്രതീകമായി തെക്കൻ കേരളത്തിൽ കണ്ടുവരുന്ന എടുപ്പുകുതിരയുടെ ഭംഗി ആസ്വദിക്കാൻ 16വരെ കനകക്കുന്നിൽ അവസരമുണ്ട്‌.
പ്രധാന വാർത്തകൾ
 Top