21 October Monday
മഴ, ജാഗ്രത തുടരണം

8 ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

തിരുവനന്തപുരം നഗരസഭ ആരംഭിച്ച കലക്‌ഷൻ സെന്ററിൽ സാധനങ്ങൾ കൈമാറുന്നവർ

തിരുവനന്തപുരം

വെള്ളിയാഴ്ച പകൽ മഴയ്ക്ക്‌ ശമനമുണ്ടായെങ്കിലും ജാഗ്രത തുടരണമെന്ന്‌ ജില്ലാ ഭരണനേതൃത്വം. രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയിൽ കരമനയാറും കിള്ളിയാറും നിറഞ്ഞൊഴുകുകയാണ്‌. നീരൊഴുക്ക്‌ വർധിച്ചതിനാൽ അരുവിക്കര ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 15 സെന്റീമീറ്ററിൽനിന്നും 35 സെന്റീമീറ്ററായാണ്‌ ഉയർത്തിയത്‌. 
കാറ്റിലും മഴയിലും ജില്ലയിൽ നാലു വീട്‌ പൂർണമായും 50 വീട്‌ ഭാഗികമായും തകർന്നു. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാട്ടാക്കട താലൂക്കിലെ വിളവൂർക്കൽ വില്ലേജ് പരിധിയിൽ മൂന്നു വീട്‌ തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. 
 
വിളവൂർക്കലിലെ ആറു കുടുംബത്തിലെ 19 പേരെ കുരിശുമുട്ടം വായനശാലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.  ഇതിൽ എട്ട്‌ സ്ത്രീകളും നാല്‌ കുട്ടികളുമുണ്ട്‌. ആകെ 163 കുടുംബത്തിലെ 675 പേരാണ്‌ ക്യാമ്പുകളിൽ കഴിയുന്നത്‌. കുരിശുമുട്ടത്ത്‌  തുടങ്ങിയ ഒരു ക്യാമ്പടക്കം ജില്ലയിലാകെ എട്ട്‌ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്നു.
 
ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമെത്തിക്കാൻ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ സഹായ ശേഖരണ കൗണ്ടർ തുടങ്ങി
വെള്ളിയാഴ്ച പകൽ ശക്തമായ കാറ്റ്‌ വീശിയതിനാൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിവീണു. പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും കെഎസ്‌ഇബി ജീവനക്കാരും ചേർന്ന്‌ മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു. വലിയതുറ, പൂന്തുറ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി.നദികളിൽ നീരൊഴുക്ക്‌ ശക്തമാണ്‌. നദിയിൽ കുളിക്കുന്നതും തുണിയലക്കുന്നതും ഒഴിവാക്കണമെന്ന്‌ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണം. 
 
തുടർച്ചയായി അവധിദിനങ്ങളായതിനാൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ദുരന്തനിവാരണ വിഭാഗത്തിൽനിന്നു നൽകുന്ന മുന്നറിയിപ്പുകളോട് സഹകരിക്കണം. തെറ്റായ വിവരങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്‌. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 1077.
പ്രധാന വാർത്തകൾ
 Top