04 August Tuesday
ആർദ്രം പദ്ധതി കുടുംബകേന്ദ്രത്തിന്‌ താങ്ങായി

ചെമ്മരുതിയിൽ ഗുണമേന്മ ഉറപ്പ്‌

സുധീർ വർക്കലUpdated: Saturday Aug 10, 2019

ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രം

വർക്കല 
കേരളത്തിൽ ആദ്യമായി ആർദ്രം പദ്ധതി നടപ്പാക്കിയ ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രത്തിൽ ജൂലൈയിൽ ചികിത്സ തേടി എത്തിയത്‌ 12,000ലേറെ പേർ. സംസ്ഥാന ആരോഗ്യവകുപ്പ്‌ മാർഗരേഖ പ്രകാരം ഗുണമേന്മയുള്ള ചികിത്സ നൽകുന്ന ഡോക്ടർമാരും ജീവനക്കാരും കേന്ദ്രത്തെ ജനസൗഹൃദമാക്കുകയാണ്‌. ഡോ. അൻവർ അബ്ബാസ്, ഡോ. അരുൺ, ഡോ. അബ്ദുൽ കലാം, ഡോ. സുജ എന്നിവരാണ് നേതൃത്വം നൽകുന്നത്. രോഗികൾ പേര് രജിസ്റ്റർ ചെയ്യുന്നത് മുതൽ മരുന്നുകൾ വാങ്ങുന്നത് വരെയുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആർദ്രം പദ്ധതിയിലൂടെയായി. ഇൻസുലിൻ ഉൾപ്പെടെയുള്ള വിലയേറിയ മരുന്നുകൾ സൗജന്യമായി നൽകുന്നതോടൊപ്പം സ്ഥിരമായി കഴിക്കേണ്ടവർക്ക് ഒരുമാസത്തെ മരുന്ന് ഒരുമിച്ച് നൽകാൻ സൗകര്യവുമുണ്ട്. 
 
വയോജനങ്ങൾക്കായി പ്രത്യേക വിശ്രമകേന്ദ്രവും ഫിസിയോതെറാപ്പി സെന്ററും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ശ്വാസംമുട്ട്, സിയോപിഡി എന്നീ ചികിത്സയ്ക്കുള്ള "ശ്വാസ് ക്ലിനിക് ’, വിഷാദരോഗികൾക്കുള്ള "ആശ്വാസ് ക്ലിനിക്', കണ്ണിനെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സയ്‌ക്കുള്ള "നയനാമൃതം ക്ലിനിക്ക്', കൗമാരക്കാർക്ക് കൗൺസിലിങ്ങിനായുള്ള അഡോളസെന്റ് ക്ലിനിക് ആൻഡ്‌ കൗൺസലിങ്‌ സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾ പ്രദേശത്തെ രോഗികൾക്ക് ആശ്വാസമാണ്‌.
 
 സ്‌തനാർബുദ പ്രത്യേക ക്ലിനിക്കും സജ്ജമാക്കി. ഓട്ടിസം അടക്കമുള്ള രോഗങ്ങൾക്ക്‌ പീഡിയാട്രിഷനും ചൈൽഡ് സൈക്കോളജിസ്റ്റും സ്പീച്ച് തെറാപ്പിസ്റ്റുമടങ്ങുന്ന ടീം നടത്തി വരുന്ന "അനുയാത്ര പദ്ധതി’ ഏറെ പ്രയോജനപ്രദമാണ്. അംഗപരിമിതർക്കായി ടോയ്‌ലെറ്റുകൾ, റാമ്പുകൾ, സ്ത്രീകൾക്കായി ഹെൽത്ത് ഫിറ്റ്നസ് , യോഗ സെന്റർ, ലബോറട്ടറി, ഇസിജി സെന്റർ, കിടപ്പ് രോഗികൾക്കായി ആംബുലൻസ് സൗകര്യത്തോടെയുള്ള പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവയും ആർദ്രം വഴി ഇവിടെ പ്രവർത്തിക്കുന്നു. 
 
ആശാ വളന്റിയർമാർ സജീവ പങ്കാളിത്തം വഹിക്കുന്നു. ആർദ്രം പദ്ധതിയിലൂടെ അഞ്ച് പുതിയ തസ്തിക അനുവദിച്ചു. ചെമ്മരുതി പഞ്ചായത്തിൽ നിന്നും ഒരു ഡോക്ടറും എത്തി. വി ജോയി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എ എച്ച് സലിം, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി എന്നിവരുടെ നിരന്തരപരിശ്രമങ്ങളാണ് കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തിയത്. കേന്ദ്ര സർക്കാർ ഗുണമേന്മ പുരസ്കാരം, കായകല്പക പുരസ്കാരം, കേരള സർക്കാർ അക്രഡിറ്റേഷൻ അവാർഡ് , പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള വിവിധ അവാർഡുകൾ എന്നിവ ഇതിനകം ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top