15 October Tuesday
കോൺഗ്രസ്‌ നേതാവിന്റെ വീട്ടിൽ വനംവകുപ്പ്‌ പരിശോധന

ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ കാണാനില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
കിളിമാനൂർ
മടവൂരിൽ കോൺ​ഗ്രസ് നേതാവ്‌ എം ജി മോഹൻദാസിന്റെ വീട്ടുവളപ്പിലെ ചന്ദനമരങ്ങൾ കാണാതായതിനുപിന്നിൽ ദുരൂഹത. അജ്ഞാത പരാതിയെത്തുടർന്ന്‌ ഇയാളുടെ വീട്ടിൽ  ഫോറസ്റ്റ് വിജിലൻസ് ഫ്ലയിങ്‌ സ്ക്വാഡ്‌ പരിശോധന നടത്തി. ഇയാൾ താമസിക്കുന്ന പനപ്പാംകുന്ന്‌ മലയ്‌ക്കലിലെ വീടിനുമുന്നിൽനിന്ന രണ്ടുമരങ്ങളാണ്‌ കാണാതായത്‌. വനംവകുപ്പിന്റെ പരിശോധനയ്‌ക്കുപിന്നാലെ തന്റെ വീട്ടുവളപ്പിലെ ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടതായി ആരോപിച്ച് മോഹൻദാസ്‌ പള്ളിക്കൽ പൊലീസിൽ പരാതി നൽകി.
വനംവകുപ്പിൽനിന്ന് ഡിഎഫ്ഒ ആയി വിരമിച്ച എം ജി മോഹൻദാസ്‌ നിലവിൽ കോൺ​ഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രതിപക്ഷനേതാവുമാണ്‌. ഇയാളുടെ വീട്ടുവളപ്പിലുണ്ടായിരുന്ന രണ്ട് ചന്ദനമരങ്ങളാണ്‌ മുറിച്ചുകടത്തിയതായി കണ്ടെത്തിയത്‌. ഇവയ്‌ക്ക്‌ ലക്ഷങ്ങൾ വിലവരുമെന്നാണ്‌ കണക്കാക്കുന്നത്‌. 
ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതായി വനംവകുപ്പിന്‌ അജ്ഞാത ടെലിഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. 
 
വനംവകുപ്പ് –- വിജിലൻസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുന്ന സമയത്ത് മോഹൻദാസ്‌ മടവൂർ പ‍ഞ്ചായത്തിൽ യോ​ഗത്തിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ട ഫോറസ്റ്റ് വിജിലൻസ് സംഘത്തോട് താൻ യോ​ഗത്തിലാണെന്നും ഇപ്പോൾ എത്താൻ കഴിയില്ലെന്നുമായിരുന്നു മറുപടി.
 
പരിശോധനയിൽ ചന്ദനമരങ്ങൾ മുറിച്ച് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതായി സിപിഐ എം മടവൂർ ലോക്കൽ കമ്മറ്റി അറിയിച്ചു. സംഭവത്തിൽ മോഹൻദാസിന്‌ പങ്കുണ്ടോയെന്ന്‌ അന്വേഷിക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top