19 October Saturday
റേറ്റിങ്ങിൽ എ ഗ്രേഡ‌്

ടെക്‌നോപാർക്കിന്‌ പുത്തൻകുതിപ്പ്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 10, 2019
തിരുവനന്തപുരം
ക്രഡിറ്റ് റേറ്റിങ‌് ഇൻഫർമേഷൻ സർവീസസിന്റെ റേറ്റിങ്ങിൽ എ ഗ്രേഡ‌് നേടിയത‌് തിരുവനന്തപുരം ടെക‌്നോപാർക്ക‌ിന്റെ കുതിപ്പിനു കൂടുതൽ ഊർജമാകും. 2014ലെ ഡി ഗ്രേഡിൽനിന്നാണ‌് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ക്രിസിൽ റേറ്റിങ്ങിൽ ടെക‌്നോപാർക്ക‌് എ ഗ്രേഡിലേക്ക‌് മുന്നേറിയത‌്. കേരളത്തിൽ ആദ്യമായാണ‌് ഒരു ടെക‌്നോളജി പാർക്ക‌് ക്രിസിൽ എ ഗ്രേഡ‌് നേടുന്നത‌്. 
 
സാമ്പത്തിക അച്ചടക്കം, വായ‌്പാ തിരിച്ചടവിലെ കൃത്യത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ആധികാരിക റേറ്റിങ്ങാണ‌് ക്രിസിൽ. ക്രിസിൽ റേറ്റിങ്ങിൽ ടെക‌്നോപാർക്ക‌് ഏറെ താഴെയായിരുന്നത‌് ഐടി നിക്ഷേപകരെ ആശങ്കയിലാഴ‌്ത്തിയിരുന്നു. ആഗോളതലത്തിൽ ശ്രദ്ധിക്കുന്ന റേറ്റിങ്ങായതോടെ  കൂടുതൽ നിക്ഷേപം ടെക‌്നോപാർക്കിലെത്തും. 2018–-19ൽ 15 ശതമാനം വളർച്ചയാണ‌് ടെക‌്നോപാർക്ക‌് രേഖപ്പെടുത്തിയത‌്.  ടെക്‌നോപാർക്കിന്റെ ഒന്നും മൂന്നും ഘട്ടങ്ങളിലും ടെക്നോസിറ്റിയിലും ഉണ്ടായിരുന്ന സ്ഥലങ്ങളുടെ വിപണനത്തിലൂടെ ആർജിച്ച ധനസമാഹരണമാണ‌് ഇതിന‌് ഇടയാക്കിയത‌്. സ്ഥലം ലീസിനു നൽകിയതുമായി ബന്ധപ്പെട്ട് സേവന നികുതിയിനത്തിൽ പിഴയായി അടച്ച 4.57 കോടി രൂപ ടെക്നോപാർക്കിന‌് തിരികെ ലഭിക്കുകയും ചെയ‌്തു.
 
ടെക‌്നോപാർക്കിന്റെ നാലാംഘട്ടമായ ടെക‌്നോസിറ്റിയുടെ പ്രവർത്തനം ഇപ്പോൾ പുരോഗമിക്കുകയാണ‌്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സൺടെക‌്, വേൾഡ‌് ട്രേഡ‌് സെന്റർ, നിസാൻ, ടെറാനെറ്റ‌്, അപ്പോളിസ‌് തുടങ്ങിയ ആഗോളസ്ഥാപനങ്ങൾ ടെക‌്നോപാർക്കിൽ നിക്ഷേപം നടത്തി. നിസാൻ, റെനോൾട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹന നിർമാതാക്കൾക്കുവേണ്ടിയാണ് ഫ്രാങ്കോ ജപ്പാൻ സഹകരണസംഘമായ നിസാൻ ഡിജിറ്റൽ ഹബ്ബ് ടെക‌്നോപാർക്കിൽ സ്ഥാപിക്കുന്നത്. ഫെബ്രുവരിയിലാണ‌് വേൾഡ് ട്രേഡ് സെന്റർ ടെക‌്നോപാർക്കിലെത്തിയത‌്. 2.5 മില്യൺ ചതുരശ്ര അടിയിലായാണ‌് ടെക‌്നോസിറ്റിയിൽ വേൾഡ് ട്രേഡ് സെന്റർ വിഭാവനം ചെയ്യുന്നത‌്. 15,000 തൊഴിലവസരം ഇതിലൂടെ ലഭ്യമാകും.
 
കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അപോളിസിന്റെ ഗ്ലോബൽ ഡെലിവറി സെന്ററാണ‌് ഒടുവിലെത്തിയത‌്. നിള കെട്ടിടസമുച്ചയത്തിൽ 6000 ചതുരശ്ര അടി സ്ഥലമാണ‌് അപോളിസിനായി ഏറ്റെടുത്തിട്ടുള്ളത‌്. നിലവിൽ 410ലേറെ കമ്പനിയും 60,000ലധികം ജീവനക്കാരുമാണ‌് ടെക‌്നോപാർക്കിലുള്ളത‌്. പുതിയ റേറ്റിങ്ങോടെ കൂടുതൽ വിദേശ കമ്പനികൾ ടെക‌്നോപാർക്കിലേക്ക‌് എത്തും. ടെക‌്നോപാർക്കിന്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്  ക്രിസിൽ റേറ്റിങ്ങിൽ എ ഗ്രേഡ് നേടിയതെന്ന‌് സിഇഒ ഋഷികേശ് നായർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top