18 July Thursday

കൊലപാതകശ്രമം: പിടികിട്ടാപ്പുള്ളികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
വർക്കല 
കൊലപാതകശ്രമത്തിലും നിരവധി കവർച്ചക്കേസിലും പ്രതികളായ പിടികിട്ടാപ്പുള്ളികൾ പൊലീസ് പിടിയിൽ. വെട്ടൂർ ആശാൻമുക്ക് വാഴവിള വീട്ടിൽ സാലിഹ്(32), മേൽ വെട്ടൂർ സൽമ മൻസിലിൽ ജാനി (47) എന്നിവരാണ് പിടിയിലായത്. ബോംബെറിയൽ കൊലപാതകശ്രമം, വിദേശികളെ വെട്ടി പരിക്കേൽപ്പിക്കൽ, വിസ തട്ടിപ്പ്, കവർച്ച തുടങ്ങിയ 15 ഓളം കേസിലെ പ്രതികളാണിവർ.
 
2007 ഏപ്രിൽ രണ്ടിന് ചെമ്മരുതി മുട്ടപ്പലം പൂവങ്കൽ ഹാരിസ് വില്ലയിൽ ഹസീനയുടെ കഴുത്തിൽനിന്ന‌് അഞ്ച് പവൻ  കവർന്നതിലും 2007 ജൂൺ 5 ന് പുലർച്ചെ 2.15 ന് കൊല്ലം ഭൂതക്കുളം കോട്ടുവൻകോണം സുശീല ഭവനിൽ ഷിബുവിനെ ചാവർകോട് പെട്രോൾ പമ്പിൽ കയറി വാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച‌്  61000 രൂപ കവർന്ന കേസ‌്, വെട്ടൂർ ആശാൻ മെമ്മോറിയൽ സ്കൂളിന് സമീപം സഫീനയുടെ വീടിന്റെ മുൻവാതിൽ തകർത്ത് 40 പവൻ ആഭരണങ്ങളും 63000 രൂപയും കവർന്ന കേസ‌്, പരവൂർ പൊഴിക്കര പത്മവിലാസം വീട്ടിൽ ബിനുവിന്റെ കൈയിൽനിന്ന‌് 25000 രൂപ കവരുകയും ആക്രമിക്കുകയും ചെയ‌്ത കേസ‌് എന്നിവയിൽ പ്രതികളാണിവർ. ആറ് മാസംമുമ്പ് കഞ്ചാവ് കൈവശം വച്ചതിന് എറണാകുളം എക്സൈസ് സംഘം ജാനിയെ പിടികൂടിയിരുന്നു. 2002ൽ മുണ്ടയിൽ ജിപി കോട്ടേജിൽ പ്രസന്നകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് ബോംബെറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചശേഷം സ്വർണമാല പൊട്ടിച്ചെടുത്ത കേസിലും 2002 ൽതന്നെ വർക്കലയിലെത്തിയ ജർമൻ സ്വദേശി ഹെർബർട്ട് എന്നയാളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസ‌ടക്കം മറ്റനവതി കേസിലും ജാനി പ്രതിയാണ‌്. സംഭവങ്ങൾക്കുശേഷം വിദേശത്ത് കടന്ന പ്രതികൾ അടുത്തിടെ നാട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ്ഐ ശ്യാംജി, സിപിഒ മാരായ ജയ്‌മുരുകൻ, ഹരീഷ്, അബിൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രധാന വാർത്തകൾ
 Top