18 June Friday

സ്‌ത്രീയ്ക്കും പുരുഷനും 
തുല്യപങ്കുണ്ടാകണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
തിരുവനന്തപുരം
യാഥാസ്ഥിതിക മാതൃസങ്കൽപത്തിന്റ  മഹത്വവൽക്കരണം സ്ത്രീയുടെ സ്വാശയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 
മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യേണ്ടവൾ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കൽപം. ജന്മിത്വ സംസ്കാരത്തിന്റെ ശേഷിപ്പുകൾ നിലനിൽക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. 
ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്ത്  ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടെയുള്ളത്. 
കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പ്പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്. 
നമ്മെ നയിക്കുന്ന നീതി ശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.   ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ ഉദാത്ത കാഴ്ചപ്പാടുകൾ സ്വജീവിതങ്ങളിൽ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്ന രാഷ്ട്രീയപ്രവർത്തനം പ്രധാന ഉത്തരവാദിത്വമായി നമുക്ക് ഏറ്റെടുക്കാം. 
വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാൻ സന്നദ്ധരായ അമ്മമാരായി എല്ലാവർക്കും മാറാം. കോവിഡ്  തീർത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാൻ ആ ത്യാഗസന്നദ്ധത നമുക്ക് ഊർജമാകട്ടേയെന്നും മാതൃദിന ആശംസകൾ നേരുന്ന ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ മുഖ്യമന്ത്രി കുറിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top