18 May Tuesday

പറയാനുള്ളത് പറയുകതന്നെ ചെയ്യും: മുരുകൻ കാട്ടാക്കട

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

പുരോഗമന കലാസാഹിത്യ സംഘം കാട്ടാക്കട മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ മുരുകൻ കാട്ടാക്കട സംസാരിക്കുന്നു

തിരുവനന്തപുരം  > തെളിമയോടെ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ഈ ഭീഷണി ഊർജം തരുന്നുണ്ടെന്നും പറയാനുള്ളത് ഇനിയും പറയുക തന്നെ ചെയ്യുമെന്നും കവി മുരുകൻ കാട്ടാക്കട. പുരോഗമന കലാസാഹിത്യ സംഘം കാട്ടാക്കട മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കേരളത്തിന്റെ പ്രിയപ്പെട്ട കവി എന്നതിൽ ഉപരി കാട്ടാക്കടക്കാരുടെ ‌സ്വകാര്യ അഹങ്കാരം കൂടിയാണ് മുരുകൻ കാട്ടാക്കടയെന്നും അദ്ദേഹത്തിനെതിരായ വധഭീഷണി കക്ഷി-രാഷ്ട്രീയ-മത ഭേദമന്യേ മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്നും യോഗം ഉദ്‌ഘാടനം ചെയ്ത ഐ ബി സതീഷ് എംഎൽഎ പറഞ്ഞു.  
 
"മനുഷ്യനാകണം' എന്ന കവിത രചിച്ച മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി ഉയർന്നതിനെ തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ മേഖല പ്രസിഡ​ന്റ് കെ ഉപേന്ദ്രൻ അധ്യക്ഷനായി. 
 
സാഹിത്യസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എസ് രാഹുൽ, സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി ജി സ്റ്റീഫൻ, എൻ കെ കിഷോർ, സംഗീത സംവിധായകൻ വിജയ് കരുൺ, അജി ദൈവപുര, ഡി യേശുദാസ്, അഖിലൻ ചെറുകോട്, സെയ്ദ് സബർമതി, അലൈന ജാസ്മിൻ സെയ്ദ്, മംഗലക്കൽ ശശി, സനൽകുമാർ, ഗിരി, ജെ ബിജു, പി എസ് പ്രഷീദ്, എസ് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്കൊടുവിൽ നൂറുകണക്കിനാളുകൾ കൈകോർത്ത് അണിനിരന്നതിനു നടുവിൽ നിന്നുകൊണ്ട് മനുഷ്യനാകണം... കവിത മുരുകൻ കാട്ടാക്കട ഉറക്കെച്ചൊല്ലി.
 
മുരുകൻ കാട്ടാക്കടയ്‌ക്കെതിരായ ഭീഷണിയിൽ പ്രതിഷേധിക്കുക 
കലാസാംസ്കാരിക രംഗത്തെ ജനകീയ മുഖമായ കവി മുരുകൻ കാട്ടാക്കടയ്‌ക്കെതിരെയുള്ള ബിജെപി, ആർഎസ്എസുകാരുടെ ഭീഷണിയിൽ പ്രതിഷേധിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി. മതേതരത്വത്തിനുവേണ്ടി ശബ്ദം ഉയർത്തുന്നവരെ നിശ്ശബ്ദരാക്കുന്ന സംഘപരിവാർനീക്കം രാജ്യത്താകമാനമുണ്ട്. അതിന്റെ ഭാഗമാണ് ഇത്തരം ഭീഷണികൾ.
 
അടിയന്തരാവസ്ഥക്കാലത്ത്‌ ഈ നിലയിൽ കോൺഗ്രസും കാലാ സാംസ്കാരിക രംഗത്ത് നിൽക്കുന്നവരെ വരുതിയിൽ നിർത്താൻ ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കംനിന്നിരുന്ന, സ്വയപ്രയത്നംകൊണ്ട് ഉന്നതിയിൽ എത്തിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് തൊഴിലാളിവർഗത്തിന്റെ എല്ലാ പിന്തുണയുമേകും.
 
നൃത്തച്ചുവടിന്റെ പേരിൽ മെഡിക്കൽ കോളേജ് വിദ്യാർഥികളായ ജാനകിക്കും നവീനും എതിരെ ലൗ ജിഹാദ്‌ ആരോപണമുയർന്നതും സംഘപരിവാർ ശക്തികളിൽനിന്നാണ്. ഇത്തരം ജനാധിപത്യവിരുദ്ധ ഭരണഘടനാവിരുദ്ധ നടപടി അവസാനിപ്പിക്കണമെങ്കിൽ തൊഴിലാളിവർഗം ഒറ്റക്കെട്ടായി മതേതരമൂല്യം ഉയർത്തിപ്പിടിക്കുന്ന സാഹചര്യമുണ്ടാകണമെന്ന്‌ സിഐടിയു ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top