18 August Sunday

ഉജ്വല വരവേൽപ്പ‌്

പി കെ അജീഷ‌്Updated: Wednesday Apr 10, 2019
പാറശാല - 
സ്വീകരണ കേന്ദ്രങ്ങളിലൊഴുകിയെത്തിയ കർഷകരും സാധാരണക്കാരും മത്സ്യത്തൊഴിലാളികളുമെല്ലാം  വാൽസല്യത്തോടെയും പ്രതീക്ഷയോടെയുമാണ് തിരുവനന്തപുരം പാർലമെന്റ‌് മണ്ഡലത്തിലെ  എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരനെ വരവേറ്റത്. ഈസ്റ്ററിന്റെയും വിഷുവിന്റെയും ഉത്സവ ലഹരിയിലമർന്ന തീരദേശമുൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങൾ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളും ഈ സ്നേഹപ്രകടനങ്ങളുടെ മഹോൽസവങ്ങളാക്കി മാറ്റി. 
 
ചുട്ടുപൊള്ളുന്ന വെയിലിനെ കൂസാതെ ഓരോ കേന്ദ്രങ്ങളിലും പ്രായഭേദമെന്യെയാണ‌്  സ്ഥാനാർഥിയുടെ വരവിനായി കാത്തിരുന്നത് .  വികസനത്തിന്റെ പേരിലുള്ള വ്യാജ അവകാശവാദങ്ങളെയും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായ പുത്തൻ നയങ്ങളെയും ജനപക്ഷത്തുനിന്ന് സി ദിവാകരൻ തിരുത്തുന്നു. 
 
എല്ലാവർക്കും പ്രയോജനപ്പെടുന്നതാകണം വികസനമെന്നും അവസരങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടിൽവരെ എത്തണമെന്നും അദ്ദേഹം ഓരോ കേന്ദ്രങ്ങളിലും ഓർമ്മപ്പെടുത്തി. ഷാൾ അണിയിച്ചും കണിക്കൊന്ന നൽകിയും മുത്തുക്കുടയും പ്ലക്കാർഡുകളുമേന്തിയും പൂക്കൾ വാരി വിതറിയും താളമേളങ്ങളുടെയും വെടിക്കെട്ടിന്റെയും ശബ്ദമുഖരിതമായ അന്തരീക്ഷത്തിലായിരുന്നു എല്ലായിടങ്ങളിലും സ്വീകരണം. നൂറ് കണക്കിന് ചെറുപ്പക്കാർ ഇരുചക്രവാഹനങ്ങളിൽ അനുഗമിച്ചു. 
 
ചൊവ്വാഴ‌്ച രാവിലെ  പ്ളാമൂട്ടുക്കടയിൽവച്ച‌്  നെയ്യാറ്റിൻകര മണ്ഡലത്തിലെ പര്യടനം എൽഡിഎഫ‌് നേതാവ‌് ജമീല പ്രകാശം  ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ അധ്യക്ഷനായി. തുടർന്ന് സംസ്ഥാനത്തെ ആദ്യതരിശ് രഹിത പഞ്ചായത്തായ ചെങ്കലിലെ തോട്ടിൻകര, മേലന്മാകം, മര്യാപുരം, ഉദിയൻകുളങ്ങര, കൊറ്റാമം, പുതുക്കുളം, അലത്തറ വിളാകം, ആറയൂർ, വാണിയൻകാല, പൊൻവിള, പൊറ്റയിൽക്കട ഭാഗങ്ങളിലെ കർഷകരുടെയും സാധാരണക്കാരുടെയും സ്നേഹവായ്പ്. എൽ ഡി എഫ് സർക്കാർ വന്നശേഷം കാർഷിക മേഖലയിലും പരമ്പരാഗത മേഖലയിലുമുണ്ടായ പുത്തനുണർവ് സ്വീകരണ കേന്ദ്രങ്ങളിൽ പ്രകടമായി .പൊതുജീവിതം ഈ നാടിന് സമർപ്പിച്ച, ജനകീയ പ്രശ്നങ്ങളിൽ നാടിനൊപ്പം നിന്ന നമ്മളിലൊരാളായ ദിവാകരൻ എന്ന അകമ്പടി വാഹനത്തിൽ നിന്നുമുള്ള അനൗൺസ‌്മെന്റ് അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായി മാറി ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വികാരവായ്പ്. ആവേശം പകർന്ന് മന്ത്രി ഇ ചന്ദ്രശേഖരനും ജി ആർ അനിലും പര്യടനവേളയിലെത്തി. 
 
കുഴിഞ്ഞാൻ വിള, വടുവൂർക്കോണം, ഞാറക്കാല, അയിര, ഇടക്കണ്ടം, ചെങ്കവിള, ഒറ്റപ്ലാവിള, കാന്തല്ലൂർ, കാരോട് പൊറ്റ, ചാരോട്ടുകോണം, ഊരമ്പ് എന്നിവിടങ്ങളിൽ കത്തുന്ന വെയിൽ കൂസാതെ ഗ്രാമവാസികൾ  ദിവാകരനെ വരവേൽക്കാനെത്തി. ഞാറക്കാലയിൽ ബാലസംഘം കൂട്ടുകാർ മുദ്രാവാക്യം മുഴക്കിസ്ഥാനാർഥിയെ സ്വീകരിച്ചു. പഴയ ഉച്ചക്കട ,ഉച്ചക്കട ,പണ്ടാര വിള, പൊഴിയൂർ ക്ഷേത്രനട എന്നിവിടങ്ങളിലെ സ്വീകരണങ്ങളും ആവേശോജ്വലമായി.  തുടർന്ന് തീരദേശ മേഖലയിലെത്തിയപ്പോഴേക്കും ആർത്തിരമ്പിയ തിരമാലകളെക്കാൾ ഉയരത്തിൽ കടലോരത്തിന്റെ വിശ്വാസം തിരയടിച്ചു. 
 
കടലിന്റെ മക്കളെ കൈ പിടിച്ചുയർത്തിയ എൽഡിഎഫ് സർക്കാരിനോടുള്ള സ്നേഹവായ്പായി ഓരോ സ്വീകരണവും .കൊല്ലങ്കോട്, പരുത്തിയൂർ, കുന്നുവിള, കണ്ണമൽക്കോണം, വെട്ടുകാട്, വാരാലി, ആറ്റുപുറം, ചാലാക്കര, വട്ടവിള, ഊരൻ വിള, മാവിളക്കടവ്, മുടിപ്പുര, ആവണക്കിൻവിള എന്നിവിടങ്ങളിലെ ഗംഭീര സ്വീകരണങ്ങൾക്ക് ശേഷം പൂഴിക്കുന്നിൽ സമാപിച്ചു. 
പ്രധാന വാർത്തകൾ
 Top