24 May Friday

സൈനികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യാ സുഹൃത്ത് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019
വെഞ്ഞാറമൂട്
പട്ടാളക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യാ സുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം റൂറൽ എസ്‌പി ഓഫീസിലെ ജീവനക്കാരനും ആര്യനാട് കാരനാട് വിപിനാലയത്തിൽ അമിതാഭ് (26)ആണ് അറസ്റ്റിലായത്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ച ഇയാൾ  വിവാഹ വാഗ്ദാനംനൽകി  വഞ്ചിച്ച യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയാണ്. ഈ കേസിൽ നിലവിൽ  സസ്പെൻഷനിലുമാണ്.
 
കഴിഞ്ഞ മാസം 19 നാണ് ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാ ഭവനിൽ വൈശാഖ് കുമാർ ഗുജറാത്തിലെ ജാംനഗറിലെ മിലിട്ടറി ക്യാമ്പിൽ സ്വന്തം തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തത്. ജനുവരിയിലാണ് വൈശാഖ് വിവാഹിതനായത‌്. തുടർന്ന്, ജോലി സ്ഥലത്തേയ്ക്ക് പോയ ഇയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരൻ അഭിലാഷ് ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. ഡിജിപി, റൂറൽ എസ്‌പി ബി അശോകിന് കേസ് കൈമാറി. അദ്ദേഹം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഡി അശോകിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസിന് അന്വേഷണ ചുമതല നൽകുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് കേസിലെ ദുരൂഹതകൾ പുറത്തുവന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:  വൈശാഖിന്റെ ഭാര്യയുമായുള്ള  ബന്ധം അമിതാഭ‌് വൈശാഖിനെ ഫോണിൽ വിളിച്ചു പറയുകയായിരുന്നു. ഇത് ഫോണിൽ റെക്കോഡ് ചെയ്ത വൈശാഖ്, നാട്ടിൽ ഭാര്യയെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ആവർത്തിച്ചുള്ള ചോദ്യത്തെത്തുടർന്ന് അമിതാഭ് പറഞ്ഞ കാര്യം ഭാര്യ സമ്മതിക്കുകയുമായിരുന്നു. 
 
ഇതിൽ മനംനൊന്താണ്  വൈശാഖ് സ്വന്തം തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ അമിതാഭിനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ‌്തു. ഇയാളെ കോടതി റിമാൻഡ‌് ചെയ്തു. വൈശാഖിന്റെ ഭാര്യ അഞ്ജനയ‌്ക്കെതിരെയും പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top