21 August Wednesday

സബര്‍മതിക്ക്‌ തണലായി നെല്ലിമുത്തശ്ശിയുടെ പുതുജീവിതം

കെ എ നിധിന്‍ നാഥ്Updated: Sunday Feb 10, 2019

പട്ടം ഗേൾസ്‌ മോഡൽ എച്ച്‌എസ്‌എസിൽ പിഴുത്‌ മാറ്റിവച്ച 80 വർഷം പഴക്കമുള്ള നെല്ലിമരം

തിരുവനന്തപുരം >തങ്ങളുടെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേയ‌്ക്കുയർത്താനുള്ള സർക്കാർ തീരുമാനം അതീവസന്തോഷത്തോടെയാണ‌് പട്ടം ഗേൾസ‌് സ്കൂൾ വിദ്യാർഥികൾ സ്വീകരിച്ചത‌്. എന്നാൽ, ഏഴ‌്‌ പതിറ്റാണ്ടിലധികമായി വിദ്യാലയമുറ്റത്തിന‌് സ്നേഹത്തണലേകിയ നെല്ലിമുത്തശ്ശിയെ മുറിച്ചു മാറ്റേണ്ടി വരുന്ന സങ്കടത്തിലായിരുന്നു ഇവർ.

അറിവിന്റെയും അനുഭവത്തിന്റെയും ചവർപ്പും മധുരവും പകർന്ന നെല്ലിമുത്തശ്ശിയെ സംരക്ഷിക്കാനുള്ള വഴി തേടി അലഞ്ഞു കുട്ടികളും അധ്യാപകരും. ഒടുവിൽ ആശ്വാസമായൊരു നിർദേശമെത്തി; നെല്ലിമരത്തെ മാറ്റി നടാം. രക്ഷിതാവ് ജേക്കബിന്റെ നിർദേശത്തിന‌് പിന്തുണയുമായി പിടിഎയും രംഗത്ത് വന്നു. മരത്തിന്റെ ചില്ലകളെല്ലാം മുറിച്ച് മാറ്റി. ജെസിബി ഉപയോഗിച്ച് പിഴുതെടുത്ത മരം ക്രെയിൻ ഉപയോഗിച്ച് പിഴുത‌് മുറ്റത്തിന്റെ മറ്റൊരു വശത്ത‌് നട്ടുവച്ചു.

മുറിച്ച ചില്ലകൾ വീണ്ടും തളിർക്കാനുള്ള മരുന്ന് പുരട്ടി ചാക്കുകൊണ്ട് മൂടി. രണ്ട് നേരം കൃത്യമായി വെള്ളം നനച്ച് സ്കൂൾ ജീവനക്കാർ നെല്ലിമരത്തെ കൃത്യമായി പരിചരിച്ചു. ഒക്ടോബർ രണ്ടിന‌് മാറ്റിനട്ട മരത്തിൽ മാസങ്ങൾ പിന്നിട്ടപ്പോൾ പുതുജീവൻ തളിർത്തുവന്നു.

മരം മുറിച്ചു കളയുകയായിരുന്നു ഏറ്റവും എളുപ്പമെന്നിരിക്കെ വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സമൂഹത്തിന‌് മാതൃകയാകാനുമാണ‌് മാറ്റിനട്ടതെന്ന‌് പിടിഎ പ്രസിഡന്റ് അജിത്ത് കുമാർ പറഞ്ഞു. ഗാന്ധി ജയന്തിദിനത്തിൽ മാറ്റിവച്ച മരത്തിന് ചുറ്റും ‘സബർമതി സൗഹൃദ പഠനോദ്യാന’മെന്ന പേരിൽ ചെറു പാർക്കും ഒരുക്കി.

സ്നേഹക്കൂട് എന്ന പേരിൽ ലൗ ബേർഡ്സിന്റെ കൂടും ഒരുക്കിയിട്ടുണ്ട്.  സ്കൂളിലെ അധ്യാപികയുടെ മകളും എന്‍ജിനിയറുമായ എം എസ് അനവദ്യയാണ് പാർക്ക് രൂപകൽപ്പന ചെയ്തത്. പുതിയ കെ‌ട്ടിടം ഉയരുമ്പോൾ നഷ്ടമാകുമായിരുന്ന നെല്ലിമുത്തശ്ശിയെ തിരികെക്കിട്ടിയ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും.

വീണ്ടും കിളിർത്ത നെല്ലിയിൽനിന്ന‌് നെല്ലിക്ക പറിച്ച് കഴിക്കുന്ന ദിവസം കാത്തിരിക്കുകയാണ് കുട്ടികൾ. സബർമതിക്ക‌് തണലേകുന്ന മരമുതിർക്കുന്ന നെല്ലിക്കകളുടെ ചവർപ്പും മധുരവും നുകരാനുള്ള കാത്തിരിപ്പിലാണ‌് കുട്ടിക്കൂട്ടം.

പ്രധാന വാർത്തകൾ
 Top