Deshabhimani

അറിവാകാശത്ത്‌ പറന്ന്‌ കടൽത്തുമ്പികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 01:22 AM | 0 min read

തിരുവനന്തപുരം
ആകാശത്ത്‌ എന്തെല്ലാമുണ്ട്‌. സൂര്യനും ചന്ദ്രനും  നക്ഷത്രങ്ങളുമുണ്ട്‌... ഭൂമിയിൽനിന്ന്‌ ചന്ദ്രനിലേക്ക്‌ എത്ര ദൂരമുണ്ട്‌. ദാ ഇത്രേമുണ്ട്‌... എന്തുകൊണ്ട്‌ എന്തുകൊണ്ടെന്ന്‌ ചോദിച്ച്‌ അവർ ഉത്തരങ്ങൾ കണ്ടെത്തി. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ കോവളം ബീച്ചിൽ സംഘടിപ്പിച്ച ‘കടൽത്തുമ്പികൾ’ പരിപാടിയിലാണ്‌ കുരുന്നുകൾ അറിവിനെ ഉത്സവമാക്കിയത്‌.പരിപാടി ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വി ശിവൻകുട്ടിക്കൊപ്പം പട്ടം പറത്തിയാണ്‌ കടൽത്തുമ്പികൾ പറന്നുതുടങ്ങിയത്‌. ഉജ്വലമായ ഭാവനയുള്ള കുട്ടികൾക്ക്‌ ലോകത്തെ പലവിധത്തിൽ കാണാനുള്ള കഴിവുണ്ടെന്ന്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഭൂമിയെയും പ്രപഞ്ചത്തെയും അടുത്തറിയും വിധത്തിലുള്ള സംവാദമാണ്‌ ശാസ്ത്രകാരൻ ശരത്‌ പ്രഭാവ്‌ കുട്ടികളുമായി നടത്തിയത്‌. ഭൂരിപക്ഷം പറയുന്നതല്ല, യുക്തിപൂർവം കണ്ടെത്തുന്നതാണ്‌ ശാസ്ത്രസത്യമെന്ന്‌ മനസ്സിലുറപ്പിച്ചാണ്‌ സംവാദം അവസാനിച്ചത്‌.സിനിമാ താരങ്ങളായ ജോബിയും കിഷോറും കളിയും ചിരിയും പാട്ടും ചിന്തയുമായി കുട്ടികൾക്കരികിലെത്തി. നല്ല നാളെയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കണമെന്ന്‌ ഓർമപ്പെടുത്തിയ ജോബി കുട്ടികളിൽ ഒരാളായി മാറി. പഠിച്ചു നല്ലവരാകണമെന്നും മുന്നേറണമെന്നും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം പടുത്തുയർത്തണമെന്നുമുള്ള ബാലസംഘം മുദ്രാവാക്യം കുട്ടികൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.  ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണമെന്നും എങ്കിലേ ജീവിതത്തിൽ ഉത്തരങ്ങൾ കിട്ടൂ എന്നായിരുന്നു നടൻ കിഷോർ കുട്ടികളെ ഓർമപ്പെടുത്തിയത്‌. ബാലസംഘം ജില്ലാ സെക്രട്ടറി ബി എസ്‌ ദേവിക അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം  ടി എൻ സീമ, ജില്ലാ കമ്മിറ്റിയംഗം പി എസ്‌ ഹരികുമാർ, എ ജെ സുക്കാർണോ, ബി ബാബു, ആർ എസ്‌ സഹ്‌ന, ബി എസ്‌ അക്ഷയ്‌ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home