19 January Sunday

ഒഴിവു ദിവസം പൂത്ത ‘വെയിൽമരങ്ങൾ’

സുമേഷ്‌്‌ കെ ബാലൻUpdated: Monday Dec 9, 2019
 
തിരുവനന്തപുരം 
നീതിക്കായുള്ള മനുഷ്യ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രങ്ങളാണ് ചലച്ചിത്ര മേളയുടെ മൂന്നാം ദിനം പ്രേക്ഷകരുടെ മനം കവർന്നത്‌. 
 
പൊലീസ്‌ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥയുമായി എത്തിയ ‘മായി ഘട്ട്‌ : ക്രൈം നം.103/2005’, ബീഫിന്റെ പേരിൽ വധിക്കപ്പെട്ട യുവാവിന്റെ കഥ പറയുന്ന ഹിന്ദി ചിത്രം ആനി മാനി, കുറ്റവാളികളുടെ മനശാസ്‌ത്രം പറഞ്ഞ ഗീതു മോഹൻദാസ്‌ ചിത്രം ‘മൂത്തോൻ’ തുടങ്ങിയവ മൂന്നാം ദിനം കൈയടി നേടി.
 
ഹൈദരാബാദിൽ കുറ്റവാളികളെ പൊലീസ്‌ വെടിവച്ചു കൊന്ന സാഹചര്യത്തിൽ മോഷണക്കുറ്റം ആരോപിച്ച്‌ പൊലീസ്‌ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ കഥ ഹൃദയഭേദകമായി. ആനന്ദ്‌ മഹാദേവനാണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌. സിനിമ കാണാൻ  പ്രഭാവതിയമ്മയും എത്തി. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആർ കെ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം, മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡോ.ബിജുവിന്റെ വെയിൽമരങ്ങൾ  തുടങ്ങിയ മലയാളചിത്രങ്ങളും പൊതു അവധി ദിവസം കൂടിയായ ഞായറാഴ്‌ച  പ്രേക്ഷക പ്രീതി നേടി. കാനിലെ  പാം ഡി ഓർ ഉൾപ്പടെ വിവിധ മേളകളിൽ നിന്ന്‌ 15 ലധികം പുരസ്‌കാരം സ്വന്തമാക്കിയ ‘പാരസൈറ്റിന്റെ' ആദ്യ പ്രദർശനവും നിറഞ്ഞ സദസ്സിലായിരുന്നു. സമൂഹത്തിൽ വർധിച്ചു വരുന്ന സാമ്പത്തിക അസമത്വം ചർച്ച ചെയ്യുന്ന  ബോങ് ജൂൻ-ഹോയുടെ ദക്ഷിണകൊറിയൻ ചിത്രം ലോകസിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. ലബനീസ് സംവിധായകനായ അഹമ്മദ് ഗൊസൈന്റെ ഓൾ ദിസ് വിക്ടറിയും ഒലേഗും മികച്ച അഭിപ്രായം നേടി.
പ്രധാന വാർത്തകൾ
 Top