19 November Tuesday
രാജ്യത്തെ ആദ്യ ട്രാൻസ്‌ജെർഡർ കലോത്സവം

ഓരോ ചുവടിലും അതിജീവനച്ചേല്‌

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019
 
തിരുവനന്തപുരം
അതിജീവനത്തിന്റെ അഴകായ് രാജ്യത്തെ ആദ്യ ട്രാൻസ്‌ജെർഡർ കലോത്സവം. ഒരോ ചുവടിലും ഈണത്തിലും നിറഞ്ഞത്‌ തുല്യതയുടെ ചാരുത.‘നമ്മളിൽ ഞങ്ങളുമുണ്ട്‌’ എന്ന കലോത്സവ സന്ദേശത്തിന്റെ സർഗാത്മക ആവിഷ്കാരമായി ഒരോ ഇനങ്ങളും.
 
‘വർണപ്പകിട്ട്‌’ എന്ന പേരിൽ സാമൂഹ്യനീതിവകുപ്പാണ്‌ കലോത്സവം സംഘടിപ്പിച്ചത്‌. ചാലഗവ. മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസിൽ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു. 
 
ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ഉന്നതവിദ്യഭ്യാസത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. പണം ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങുന്ന അവസ്ഥ ഇല്ലാതിരിക്കാനാണിത്‌. സ്‌ത്രീയും പുരുഷനും പോലെ യാഥാർഥ്യമാണ്‌ ട്രാൻസ്‌ജെൻഡേഴ്‌സും. വരും വർഷങ്ങളിലും കലോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 
ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി. വിവിധ രംഗങ്ങളിൽ മികവ്‌ തെളിയിച്ച ട്രാൻസ്‌ജെൻഡറുകളായ ശ്രീക്കുട്ടി, ശ്യാമ എസ്‌ പ്രഭ, ശ്രേയലക്ഷ്‌മി, വിജയരാജ മല്ലിക,  ഫൈസൽ ഫൈസു, സിസിലി ജോർജ്‌, തൃപ്‌തി ഷെട്ടി, ആദം ഹാരി, ഹെയ്‌ദി സാദിയ, പ്രമോദ്‌ പ്രമീള എന്നിവരെ മന്ത്രി ആദരിച്ചു. 10,000 രൂപയും ഫലകവും സമ്മാനിച്ചു. ശീതൾ ശ്യാം, സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജ്‌, അസി. ഡയറക്ടർമാരായ സുഭാഷ്‌, ജലജ എന്നിവർ സംസാരിച്ചു. ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി വിളംബര ഘോഷയാത്രയുമുണ്ടായി. 14 ജില്ലകളിൽ നിന്നും 200 പ്രതിഭകളാണ്‌ കലോത്സവത്തിൽ മാറ്റുരക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top