21 November Thursday
അയോധ്യ അന്തിമ വിധി

സോഷ്യൽ മീഡിയയിലെ പ്രചാരണം നിരീക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
 
തിരുവനന്തപുരം
ബാബ്‌റി മസ്ജിദ് -രാമജന്മഭൂമി തർക്ക വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്ന പശ്ചാത്തലത്തിൽ  സമാധാന പാലനത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സർവകക്ഷി യോഗത്തിൽ ധാരണ. കലക്ടറുടെ നേതൃത്വത്തിലാണ്‌ കലക്ടറേറ്റിൽ സർവകക്ഷി സമാധാനയോഗം ചേർന്നത്‌. വിധി എന്തുതന്നെയായാലും സമാധാനപാലനത്തിന് ജില്ലയിലെ എല്ലാ വ്യക്തികളും സംഘടനകളും സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. സമാധാനം തകർക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും. വ്യാജ മേൽവിലാസം ഉപയോഗിച്ച് സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണം നിരീക്ഷിക്കും. ഇതിനെതിരെ  നടപടിയെടുക്കും. 
 
ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മതമേലധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുത്തു. സമാധാന പാലനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയകക്ഷി പ്രതിനിധികളും മതമേലധ്യക്ഷന്മാരും അറിയിച്ചു.  സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. ഫോൺ: 0471 2730045, 2730067.
ജില്ലയിൽ പ്രാദേശിക തലത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും മതസാംസ്‌ക്കാരിക സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സമാധാന കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കും.  
 
സെൻസിറ്റീവ് സ്ഥലങ്ങളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ സമാധാനകമ്മിറ്റികൾ രൂപീകരിക്കുകയും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുകയും വേണം. വ്യാജ മേൽവിലാസം ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജപ്രചാരണം നടത്തുന്നത് ജില്ലാ പോലീസ് മേധാവിമാർ സൈബർ വിഭാഗം വഴി അടിയന്തര നിരീക്ഷണം ഏർപ്പടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും. റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ മിതത്വം പാലിക്കണം.  ജില്ലയിലെ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന പ്രദേശങ്ങളിൽ പൊലീസ് പിക്കറ്റ് അടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അടിയന്തരസാഹചര്യത്തിൽ ജില്ലയിൽ ഡ്രൈഡേ പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി സ്വീകരിക്കുന്ന മുൻകരുതലുകളും ആക്ഷൻ പ്ലാനുകളും കലക്ടറെ അറിയിക്കണം.
പ്രധാന വാർത്തകൾ
 Top